Asianet News MalayalamAsianet News Malayalam

വിമര്‍ശനങ്ങളെ അടിച്ചോടിച്ച് പന്തിന്‍റെ ഇന്നിംഗ്‌സ്; കസറി മായങ്കും; പരിശീലന മത്സരം സമനിലയില്‍

നാല് വീതം സിക്‌സും ബൗണ്ടറിയും ചേര്‍ന്നതായിരുന്നു പന്തിന്‍റെ ഇന്നിംഗ്‌സ്. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സില്‍ പുറത്തായ ഋഷഭ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

New Zealand XI vs India 3 day Practice Match Draw
Author
Hamilton, First Published Feb 16, 2020, 10:32 AM IST

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ് ഇലവനെതിരായ ടീം ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരം സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സില്‍ മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്. സ്‌കോര്‍: ന്യൂസിലന്‍ഡ് ഇലവന്‍-235, ഇന്ത്യ-263, 252/4 (48.0).

28 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യക്ക് അതിവേഗ തുടക്കമാണ് പൃഥ്വി ഷായും മായങ്ക് അഗര്‍വാളും നല്‍കിയത്. പൃഥ്വി 31 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിലും ശുഭ്‌മാന്‍ ഗില്‍(8) നിരാശപ്പെടുത്തി. 

മായങ്ക് അഗര്‍വാള്‍-ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. മായങ്ക് 99 പന്തില്‍ 81 റണ്‍സെടുത്ത് റിട്ടയര്‍ഡ് ഹര്‍ട്ടായപ്പോള്‍ ഋഷഭ് 65 പന്തില്‍ 70 റണ്‍സെടുത്തു. നാല് വീതം സിക്‌സും ബൗണ്ടറിയും ചേര്‍ന്നതായിരുന്നു പന്തിന്‍റെ ഇന്നിംഗ്‌സ്. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സില്‍ പുറത്തായ ഋഷഭ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. മായങ്കിനും ആദ്യ ഇന്നിഗ്‌സില്‍ തിളങ്ങാനായിരുന്നില്ല. 

മൂന്നാംദിനം ഇന്ത്യ 48 ഓവറില്‍ 252-4 എന്ന സ്‌കോറില്‍ നില്‍ക്കേ മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹ 30 ഉം രവിചന്ദ്ര അശ്വിന്‍ 16 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്ത, ഒന്നാം ഇന്നിംഗ്‌സില്‍ ഹനുമാ വിഹാരിയുടെ സെഞ്ചുറിയും(101) ചേതേശ്വര്‍ പൂജാരയുടെ അര്‍ധ സെഞ്ചുറിയുമാണ്(93) ഇന്ത്യയെ 263ല്‍ എത്തിച്ചത്. മുഹമ്മദ് ഷമി മൂന്നും ജസ്‌പ്രീത് ബുമ്രയും നവ്‌ദീപ് സെയ്‌നിയും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തിയതോടെ കിവീസ് ഇലവനെ 235ല്‍ പുറത്താക്കി ഇന്ത്യ ലീഡ് നേടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios