വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍ ടീമില്‍ തിരിച്ചെത്തും. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വാഗ്നര്‍ കളിക്കുമെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പുറത്തുവിടുന്ന വിവരം. താരം ബുധനാഴ്ച ടീമിനൊപ്പം ചേരും. ഒന്നാം ടെസ്റ്റില്‍ പകരക്കാരനായി ടീമിലെത്തിയ മാറ്റ് ഹെന്റി വഴിമാറികൊടുത്തേക്കും. ഈമാസം 29നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

എന്നാല്‍ പ്ലയിങ് ഇലവിനില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന ആശയകുഴപ്പത്തിലാണ് ന്യൂസിസലന്‍ഡ് ക്രിക്കറ്റ്. വെല്ലിംഗ്ടണില്‍ തിളങ്ങിയ കെയ്ല്‍ ജാമിസണിന്റെ കാര്യത്തിലാണ് കിവികള്‍ക്ക് ആശങ്ക. വാഗ്നര്‍ തിരിച്ചെത്തുമ്പോള്‍ താരത്തെ നിലനിര്‍ത്താനാകുമോ എന്നാണറിയേണ്ടത്. ജമൈസണ്‍ മികച്ച പ്രകടനം പുറത്തെടുത്തു എന്ന് മത്സരശേഷം നായകന്‍ കെയ്ന്‍ വില്യംസണ്‍ പ്രശംസിച്ചിരുന്നു. വാഗ്നര്‍ തിരിച്ചെത്തുന്നത് ആകാംക്ഷ നല്‍കുന്നുവെന്നും വില്യംസണ്‍ പറഞ്ഞിരുന്നു.

ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ കെയ്ല്‍ ജമൈസണ്‍ ബൗളും ബാറ്റും കൊണ്ട് തിളങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 16 ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ നേടി. ഒന്‍പതാമനായി ബാറ്റിംഗിന് ഇറങ്ങിയ താരം 45 പന്തില്‍ നാല് സിക്സും ഒരു ബൗണ്ടറിയും സഹിതം 44 റണ്‍സും നേടി. അതേസമയം തിരിച്ചെത്താനൊരുങ്ങുന്ന നീല്‍ വാഗ്നര്‍ 47 ടെസ്റ്റില്‍ 204 വിക്കറ്റ് നേടിയിട്ടുള്ള താരമാണ്.