ജൊഹന്നാസ്ബര്‍ഗ്: ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യക്കെതിരായ ഏകദിന പരമ്പര മുന്‍നിശ്ചയ പ്രകാരം നടക്കുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. നേരത്തെ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് പിന്മാറിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു.

പാണ്ഡ്യയും ഭുവിയും തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മൂന്ന് ഏകദിനങ്ങളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുക. ആദ്യ ഏകദിനം ഈമാസം 12ന് ധരംശാലയില്‍ നടക്കും. 15ന് ലഖ്‌നൗവിലാണ് രണ്ടാം ഏകദിനം. മൂന്നാം ഏകദിനം 18ന് കൊല്‍ക്കത്തയില്‍ നടക്കും. ഈ പരമ്പരയ്ക്കായി നാളെ ദക്ഷിണാഫ്രിക്കന്‍ ടീം യാത്രതിരിക്കും. ദുബായ് വഴിയാണ് അവര്‍ ദില്ലിയിലെത്തുക. ഒരു ദിവസം ദില്ലിയില്‍ താമസിക്കും. പിന്നാലെ ധരംശാലയിലേക്ക് മടങ്ങും. 

അതേസമയം പരമ്പര അവസാനിച്ചതിന് ശേഷവും ചില ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇന്ത്യയില്‍ തുടരും. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണത്.