Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ഉപേക്ഷിച്ചാല്‍ താരങ്ങള്‍ക്ക് പ്രതിഫലവുമില്ല

മഹാമാരിക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല എന്നതിനാല്‍ കളിക്കാര്‍ക്ക് പ്രതിഫലം നല്‍കാനാവില്ലെന്നാണ് ഫ്രാഞ്ചൈസികളുടെ നിലപാട്. ഓരോ ടീമും പ്രതിഫലയിനത്തില്‍ 80-85 കോടി രൂപയാണ് ചെലവഴിക്കുന്നത്.

No IPL Means No Salaries For Players
Author
Mumbai, First Published Mar 31, 2020, 7:48 PM IST

മുംബൈ: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കുകയാണെങ്കില്‍ വന്‍തുകയ്ക്ക് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി ഫ്രാഞ്ചൈസികള്‍. ഐപിഎല്ലിലെ രീതി അനുസരിച്ച് ടീമില്‍ എടുക്കുന്ന കളിക്കാര്‍ക്ക് പ്രതിഫലത്തിന്റെ 15 ശതമാനം ടൂര്‍ണമെന്റിന് മുമ്പ് നല്‍കും. പ്രതിഫലത്തിന്റെ 65 ശതമാനം ടൂര്‍ണമെന്റിനിടെയും ശേഷിക്കുന്ന 20 ശതമാനം ടൂര്‍ണമെന്റ് അവസാനിച്ചശേഷം നിശ്ചിത സമയപരിധിക്കുള്ളിലും നല്‍കും. ഐപിഎല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കാനാവില്ലെന്ന് ടീം പ്രതിനിധി പിടിഐയോട് പറഞ്ഞു.

മഹാമാരിക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല എന്നതിനാല്‍ കളിക്കാര്‍ക്ക് പ്രതിഫലം നല്‍കാനാവില്ലെന്നാണ് ഫ്രാഞ്ചൈസികളുടെ നിലപാട്. ഓരോ ടീമും പ്രതിഫലയിനത്തില്‍ 80-85 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇന്‍ഷൂറന്‍സ് ലഭ്യമാകാത്തതിനാല്‍ ഈ തുക കൊടുക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കാവില്ലെന്ന് ടീമുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

അതേസമയം, ബിസിസിഐയുടെ പ്രധാന വരുമാന മാര്‍ഗമായ ഐപിഎല്‍ ഉപേക്ഷിച്ചാല്‍ അത് ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളുടെ പ്രതിഫലത്തെയും ദോഷകരമായി ബാധിക്കുമെന്ന് ബിസിസിഐ പ്ലേയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളുടെ വരെ പ്രതിഫലം വെട്ടിക്കുറക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമാവുമെന്നും മല്‍ഹോത്ര പറഞ്ഞു.

ഏപ്രിലില്‍ ഐപിഎല്‍ നടക്കാനുള്ള സാധ്യത മങ്ങിയിരിക്കെ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനാവുമോ എന്നാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്. ഈ മാസങ്ങളില്‍ ടി20 ലോകകപ്പ് വരുന്നതിനാല്‍ ഇത് എത്രമാത്രം സാധ്യമാവുമെന്ന ആശങ്കയുണ്ട്. എന്നാല്‍ കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് നീട്ടിവെച്ചേക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. വരുമാന നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios