ദില്ലി: കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാന്‍ നമുക്കുവേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പോരാട്ട വീര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ രാജ്യത്തെ പ്രധാന കായികതാരങ്ങളോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മോദി.

രാജ്യത്തിനായി മഹത്തായ നേട്ടങ്ങള്‍ സ്വന്തമാക്കിയവരാണ് കായികതാരങ്ങള്‍. ഇപ്പോള്‍ അവര്‍ക്ക് മറ്റൊരു സുപ്രധാന ചുമതലയാണ് നിര്‍വഹിക്കാനുള്ളത്. രാജ്യത്തിന് പ്രചോദനം നല്‍കുകയും സമൂഹത്തില്‍ നല്ല ചിന്തകള്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണത്. ഈ പോരാട്ടത്തില്‍ നമ്മള്‍ ടീം ഇന്ത്യയായി പോരാടി ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും കായികതാരങ്ങള്‍ നല്‍കുന്ന പ്രചോദനം രാജ്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സാമൂഹിക അകലം പാലിക്കുന്നതിന്റെയും പരിസര-വ്യക്തി ശുചിത്വത്തിന്റെയും കാര്യം ഊന്നി പറഞ്ഞ പ്രധാനമന്ത്രി ഈ പോരാട്ടം ജയിക്കാന്‍ നമുക്ക് വേണ്ടത് വിരാടിന്റെ പോരാട്ടവീര്യമാണെന്ന് വ്യക്തമാക്കിയതായി മുതിര്‍ ടേബിള്‍ ടെന്നീസാ താരമായ അചന്ത ശരത് കമാല്‍ വ്യക്തമാക്കി.രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന പോലീസ് സേനയ്ക്കും ശരിയായ പരിഗണ കിട്ടുന്നു എന്ന് ഉറപ്പുവരുത്തിയതിന് കായികലോകം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്, ശരത് കമാല്‍, ഗഗന്‍ നാരംഗ്, യോഗേശ്വര്‍ ദത്ത്, പി.ഗോപീചന്ദ്, വിശ്വനാഥന്‍ ആനന്ദ്, ഹിമ ദാസ്, ബജ്റംഗ് പൂനിയ, മനിക ബത്ര, റാണി രാംപാല്‍, മനിക ബത്ര, ദീപിക കുമാരി, മിരാഭായ് ചാനു, നീരജ് ചോപ്ര, സൌരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, എം എസ് ധോണി, സഹീര്‍ ഖാന്‍, രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ്, കെ എല്‍ രാഹുല്‍, യുവരാജ് സിംഗ്, ചേതേശ്വര്‍ പൂജാര, മൊഹമ്മദ് ഷമി തുടങ്ങി
രാജ്യത്തെ 49 കായിക താരങ്ങളും കായിക മന്ത്രി കിരണ്‍ റിജിജുവും പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.