മുംബൈ: ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാരയെ ഒരു ഫ്രാഞ്ചൈസിയും വിളിക്കാറില്ല. ടി20ക്ക് യോജിച്ച ബാറ്റിങ് ശൈലിയല്ല താരത്തിന്റേതെന്ന ന്യായം പറഞ്ഞാണ് താരത്തെ ഒഴിവാക്കുന്നത്. ഇത്തവണയും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ മറ്റൊരു ഭാഗ്യം താരത്തെ തേടിയെത്തി.  ഐപിഎല്ലിനിടെ ലഭിക്കുന്ന ഇടവേളയില്‍ ഇംഗ്ലീഷ് കൗണ്ടി കളിക്കാനൊരുങ്ങുകയാണ് താരം.

ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടിയാണ് പൂജാര കളിക്കുക. ഏപ്രില്‍ 12ന് യോര്‍ക്ഷെയറിനെതിരെയാണ് ഗ്ലോസ്റ്ററിന്റെ ആദ്യ മത്സരം. ചാംപ്യന്‍ഷിപ്പിലെ ആറ് മത്സരങ്ങളിലാണ് പൂജാര ഗ്ലോസ്റ്ററിനായി പാഡ് കെട്ടുക. 2005ന് ശേഷം ആദ്യമായി കൗണ്ടി ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയ ടീമാണ് ഗ്ലോസ്റ്റര്‍ഷെയര്‍.

1995ല്‍ ജവഗല്‍ ശ്രീനാഥ് ഗ്ലോസ്റ്റര്‍ഷെയറിന് വേണ്ടി കളിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ ടീമില്‍ കളിക്കുന്നത്. നേരത്തെ ഡെര്‍ബിഷെയര്‍, നോട്ടിങ്ഹാംഷെയര്‍, യോര്‍ക്ക്‌ഷെയര്‍ എന്നീ കൗണ്ടി ടീമുകള്‍ക്ക് വേണ്ടിയും പൂജാര കളിച്ചിട്ടുണ്ട്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് പൂജാര.