Asianet News MalayalamAsianet News Malayalam

റൂട്ടിന്റെ വിക്കറ്റ് ആഘോഷിച്ചതിന് വിലക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റബാദ

വിക്കറ്റ്‌നേട്ടം ആഘോഷിക്കുമ്പോള്‍ ഐസിസിയുടെ വിലക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ. വിലക്കിനെ കുറിച്ച് ആദ്യമായിട്ടാണ് റബാദ പ്രതികരിക്കുന്നത്.
 

rabada says didn't expect to be banned
Author
Port Elizabeth, First Published Jan 21, 2020, 6:34 PM IST

പോര്‍ട്ട് എലിസബത്ത്: വിക്കറ്റ്‌നേട്ടം ആഘോഷിക്കുമ്പോള്‍ ഐസിസിയുടെ വിലക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ. വിലക്കിനെ കുറിച്ച് ആദ്യമായിട്ടാണ് റബാദ പ്രതികരിക്കുന്നത്. ഇംഗ്ലമണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് ശേഷം മാധ്യമ  പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം. വിലക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന നാലാം ടെസ്റ്റ് താരത്തിന് നഷ്ടമാവും.

വിലക്ക് അപ്രതീക്ഷിതമായിരുന്നെന്ന് റബാദ പ്രതികരിച്ചു. താരം തുടര്‍ന്നു... ''ഒരു ടെസ്റ്റില്‍ നിന്ന് ഐസിസി വിലക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പകരം ടീമിലെത്തുന്ന ഏതൊരു താരത്തിനും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുണ്ടാകും. തീര്‍ച്ചയായും, വിലക്ക് ഏറെ വിഷമിക്കുന്നുണ്ട്. വരും മത്സരത്തില്‍ തിരിച്ചെത്താനുള്ള പ്രേരണയാവട്ടെ ഈ ഇടവേള. അവസാന ടെസ്റ്റ് ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സമനിലയാക്കുമെന്നും പ്രതീക്ഷിക്കുന്നു.'' റബാദ പറഞ്ഞുനിര്‍ത്തി.

മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടമായപ്പോഴായിരുന്നു റബാദയുടെ ആഘോഷം. റബാദയുടെ പന്തില്‍ റൂട്ടിന്റെ വിക്കറ്റ് തെറിച്ചു. പിന്നാലെ ക്രീസിനടുത്തേക്ക് അലറിവിളിച്ച് ഓടിയടുത്താണ് റബാദ വിക്കറ്റ് ആഘോഷം നടത്തിയത്. എന്നാല്‍ റൂട്ടിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ റബാദ ഒന്നും ചെയ്തിരുന്നില്ല.

വിലക്ക് അനാവശ്യമായി പോയെന്നായിരുന്നു പലരുടെയും വാദം. വെര്‍ണോന്‍ ഫിലാന്‍ഡറെ അധിക്ഷേപിച്ച ജോസ് ബട്ലര്‍ക്കില്ലാത്ത വിലക്ക് എന്തിനാണ് റബാദയ്ക്കെന്നും ചിലര്‍ ചോദിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios