Asianet News MalayalamAsianet News Malayalam

സച്ചിന്‍ ബേബിക്ക് സെഞ്ചുറി, കേരളത്തിന് കൂറ്റന്‍ സ്കോര്‍; ഡല്‍ഹി പതറുന്നു

മറുപടി ബാറ്റിംഗ് തുടങ്ങിയ ഡല്‍ഹിയുടെ രണ്ട് വിക്കറ്റുകള്‍ 23 റണ്‍സിനിടെ വീഴ്ത്തി കേരളം മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടി.

Ranji Trophy KERALA VS DELHI 2nd day play match report
Author
Thiruvananthapuram, First Published Dec 10, 2019, 5:10 PM IST

തിരുവവന്തപുരം: റോബിന്‍ ഉത്തപ്പക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും തകര്‍പ്പന്‍ സെഞ്ചുറി നേടിയതോടെ ഡല്‍ഹിക്കെതിരായ രഞ്ജി മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍.  ഉത്തപ്പയുടെ സെഞ്ചുറി മികവില്‍ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്ത കേരളം രണ്ടാം ദിനം സച്ചിന്‍ ബേബിയുടെ സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഡല്‍ഹിയുടെ രണ്ട് വിക്കറ്റുകള്‍ 23 റണ്‍സിനിടെ വീഴ്ത്തി കേരളം മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടി. ആറ് റണ്‍സോടെ ധ്രുവ് ഷോറെയും റണ്ണൊന്നുമെടുക്കാതെ നിതീഷ് റാണയുമാണ് ഡല്‍ഹിക്കായി ക്രീസിലുള്ളത്. ജലജ് സക്സേനക്കും സന്ദീപ വാര്യര്‍ക്കുമാണ് വിക്കറ്റുകള്‍.

രണ്ടാം ദിനം തുടക്കത്തിലെ വിഷ്ണു വിനോദിനെയും(5), മൊഹമ്മദ് അസ്ഹറുദ്ദീനെയും(15) നഷ്ടമായതോടെ കേരളം വലിയ സ്കോറിലെത്തില്ലെന്ന് തോന്നിച്ചു. എന്നാല്‍ ആദ്യ ദിനം 36 റണ്‍സുമായി ക്രീസില്‍ നിന്ന സച്ചിന്‍ ബേബി സല്‍മാന്‍ നസീറുമൊത്ത്(77) ആറാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചു. 274  പന്തില്‍ 13 ബൗണ്ടറികള്‍ പറത്തി സച്ചിന്‍ ബേബി 155 റണ്‍സെടുത്തപ്പോള്‍ സല്‍മാന്‍ നസീര്‍ 144 പന്തില്‍ 77 റണ്‍സെടുത്തു. ഡല്‍ഹിക്കായി തേജസ് ബറോക്ക മൂന്നും ലളിത് യാദവ്, ശിവം ശര്‍മ  എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios