കറാച്ചി: പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള താരങ്ങളെ വ്യക്തമാക്കി പാകിസ്ഥാന്‍ താരം ഷദാബ് ഖാന്‍. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്, ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവര്‍ക്കെതിരെയാണ് പന്തെറിയാന്‍ ബുദ്ധിമുട്ടെന്ന് ഷദാബ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍സൂപ്പര്‍ ലീഗ് ടീമായ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ യൂടൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.

ഓസ്‌ട്രേലിയയിലെ സാഹചര്യം സ്പിന്നിന് അനകൂലമല്ലാത്തതാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടാണെന്ന് ഷദാബ് പറഞ്ഞു. രോഹിത്തിനെതിരെ പന്തെറിയുമ്പോള്‍ ഒരു ചെറിയ പിഴവ് പറ്റിയാല്‍ പോലും കണക്കിന് കിട്ടുമെന്നും ഷദാബ് കൂട്ടിച്ചേര്‍ത്തു. 

പാകിസ്ഥാന്‍ ക്രിക്കറ്റിലെ യുവ സ്പിന്നര്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ഇരുപത്തിയൊന്നുകാരനായ ഷദബ് ഖാന്‍. ലെഗ്‌സ്പിന്നറായ ഷദബ് ഇത് വരെ 5 ടെസ്റ്റുകളിലും, 43 ഏകദിനങ്ങളിലും, 40 ടി20 മത്സരങ്ങളിലും പാക് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.