മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ അത്ഭുത താരമായിരിക്കുകയാണ് ഓപ്പണര്‍ ഷെഫാലി വര്‍മ. ലോകകപ്പിലെ മൂന്ന് മത്സരങ്ങൡലും തുര്‍ച്ചയായ ജയം നേടിയപ്പോള്‍ ഷെഫാലിയുടെ ഇന്നിങ്‌സ് പ്രധാനപ്പെട്ടതായിരുന്നു. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ മത്സരത്തില്‍ പ്ലയര്‍ ഓഫ് ദ മാച്ചും ഷെഫാലിയായിരുന്നു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഓപ്പണറായി എത്തിയ ഷെഫാലി 34 പന്തില്‍ 46 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായതും ഷെഫാലി തന്നെ.

മികച്ച ഫോം തുടരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഷെഫാലി. മത്സരത്തിന് ശേഷം പുരസ്‌കാര ദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷെഫാലി. ചെറുപ്പം മുതല്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിഞ്ഞതാണ് ഇപ്പോഴത്തെ ഫോമിന് കാരണമെന്ന് ഷെഫാലി പറഞ്ഞു. പതിനാറുകാരി തുടര്‍ന്നു... ''ആണ്‍കുട്ടികള്‍ക്കൊപ്പമാണ് എന്റെ പരിശീലനം. അവര്‍ക്കൊപ്പമാണ് കളിച്ചുവളര്‍ന്നതും. അത് ലോകകപ്പില്‍ ഒരുപാട് ഗുണം ചെയ്തു. തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്നതിന്റെ കാരണവും ഇതുതന്നെയാണ്. മികച്ച രീതിതിയില്‍ കളിക്കാന്‍ പരിശീലിപ്പിച്ച ആണ്‍കുട്ടികളോടുമാണ് കടപ്പെട്ടിരിക്കുന്നത്. എന്നിലെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിച്ച അച്ഛനോട് പ്രത്യേക നന്ദിയുണ്ട്.  

പവര്‍പ്ലേയില്‍ മികച്ച തുടക്കം നല്‍കുകയാണ് എന്റെ ലക്ഷ്യം. അതിന് സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്്.'' ഷെഫാലി പറഞ്ഞുനിര്‍ത്തി. ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ട് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി ഷെഫാലി. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്ലറാണ് മറ്റൊരു താരം. ഓസീസിനെതിരെ 15 പന്തില്‍ 29 റണ്‍സാണ് ഷെഫാലി നേടിയത്. ബംഗ്ലാദേശിനെതിരെ 39(17), കിവീസിനെതിരെ 46 (34) റണ്‍സും നേടി. 

ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതുണ്ട് ഷെഫാലി. 114 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഏറ്റവും കൂടുല്‍ സിക്സ് നേടിയ താരവം 16കാരിയാണ്. ഇതുവരെ എട്ട് സിക്സാണ് ഷെഫാലി നേടിയത്.