സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ക്രീസിലെ നില്‍പ്പ തന്നെയാണ്. ഒരു പ്രത്യേക രീതിയിലാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ നില്‍പ്പ്. അദ്ദേഹത്തിന്റെ അസാധരണ നില്‍പ്പ് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. എന്നാലിപ്പോല്‍ ആ നില്‍പ്പിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സ്മിത്ത്. 

ഒരുപാട് കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് എങ്ങനെ നില്‍ക്കണമെന്ന് തീരുമാനിക്കുന്നതെന്ന് സ്മിത്ത് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''പന്തെറിയുന്നത് ആരാണ്, വിക്കറ്റിന്റെ സ്വഭാവം എന്താണ്, എങ്ങനെ റണ്‍സ് നേടാം എന്നിവയൊക്കെ പരിഗണിച്ചാണ് എങ്ങനെ ക്രീസില്‍ നില്‍ക്കണമെന്ന് തീരുമാനിക്കുന്നത്. സാധാരണ രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ബാക്ക്ഫൂട്ട് ഓഫ് സ്റ്റംപിന് നേരെയാണ് ഉറപ്പിക്കാറ്. എന്നാല്‍ ചില സമയങ്ങളില്‍ ഓഫ്‌സറ്റംപിന് പുറത്തുവച്ചും കളിക്കും. 

എന്റെ കാഴ്ചയ്ക്ക് അപ്പുറം പോകുന്ന പന്തുകള്‍ സ്റ്റംപിലേക്ക് വരില്ലെന്ന് അറിയാം. വിക്കറ്റ് തെറിക്കാതിരിക്കാന്‍ ആദ്യകാലത്ത് പയറ്റിയ അടവാണിത്. അത് തുടരുകയായിരുന്നു. ചിലപ്പോള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടുണ്ട്. എന്നാലതൊരു വലിയ പിഴവായി തോന്നിയിട്ടില്ല.'' സ്മിത്ത് പറഞ്ഞുനിര്‍ത്തി.