ജൊഹന്നാസ്ബര്‍ഗ്: മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്, പേസര്‍ കഗിസോ റബാദ എന്നിവരെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 21ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ആന്റിച്ച് നോര്‍ജെയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലുണ്ടായിരുന്നു റീസ ഹെന്‍ഡ്രിക്‌സ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, സിസാന്‍ഡ മഗാല എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. 

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ പരിക്കേറ്റ് പുറത്തുപോയ തെംബ ബവൂമയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ കുഴപ്പമില്ലെങ്കില്‍ മാത്രമെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തൂ. ക്വിന്റണ്‍ ഡി കോക്കാണ് ടീമിനെ നയിക്കുക. അല്‍പ സമയം മുമ്പാണ് ഡുപ്ലെസിസ് ദക്ഷിണാഫ്രിക്കയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്. പിന്നാലെയായിരുന്നു ടീം പ്രഖ്യാപനം.

ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക് (ക്യാപ്റ്റന്‍), തെംബ ബവൂമ, ഫാഫ് ഡു പ്ലെസിസ്, റാസ് വാന്‍ ഡെര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, പീറ്റ് വാന്‍ ബില്‍ജോന്‍, ഡ്വൊയ്ന്‍ പ്രിട്ടോറ്യൂസ്, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ജോണ്‍- ജോണ്‍ സ്മട്ട്‌സ്, കഗിസോ റബാദ, തബ്രൈസ് ഷംസി, ലുംഗി എന്‍ഗിഡി, ജോണ്‍ ഫോര്‍ട്വിന്‍, ആന്റിച്ച് നോര്‍ജെ, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഹീന്റിച്ച് ക്ലാസന്‍.