കേപ്‌ടൗണ്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്‍റി 20 പരമ്പരയിലെ ജേതാക്കളെ ഇന്നറിയാം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്‍റി 20 ഇന്ന് നടക്കും, ഇരുടീമുകളും പരമ്പരയിൽ നിലവില്‍ ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ 107 റൺസിന്‍റെ റെക്കോര്‍ഡ് ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ട്വന്‍റി 20യിൽ ദക്ഷിണാഫ്രിക്ക 12 റൺസിന് ജയിച്ചിരുന്നു.

പോര്‍ട്ട് എലിസബെത്തിൽ കളിക്കാതിരുന്ന ഡെയിൽ സ്റ്റെയ്ന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിൽ തിരിച്ചെത്തിയേക്കും. ഒരു വിക്കറ്റ് കൂടി വീഴ്‌ത്തിയാൽ സ്റ്റെയിന് രാജ്യാന്തര ക്രിക്കറ്റില്‍ 700 വിക്കറ്റ് തികയ്‌ക്കാം. ടെംബാ ബാവുമയും ഹെന്‍‌റിച്ച് ക്ലാസനും കളിക്കുന്ന കാര്യം സംശയമാണ്. ഇന്ത്യന്‍ സമയം രാത്രി 9.30ന് മത്സരം തുടങ്ങും. പന്തു ചുരണ്ടൽ വിവാദത്തിന് വേദിയായ ന്യൂലാന്‍ഡ്സിലേക്ക് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുണ്ട് മത്സരത്തിന്. 

രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയെ 12 റണ്‍സിനാണ് ആതിഥേയര്‍ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ 70 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് മാന്‍ ഓഫ് ദ മാച്ച്.