കൊച്ചി: ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മലയാളി താരം എസ് ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ടു ലഭിച്ച വിലക്കിന്റെ കാലാവധി ഈ സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെയാണ് ശ്രീശാന്ത് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. മുപ്പത്തിയേഴാം വയസ്സിലും സ്ഥിരതയോടെ കളിക്കുന്ന ഇംഗ്ലിഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് തന്റെ മാതൃകയെന്നും സമപ്രായക്കാരനായ ശ്രീശാന്ത് പറഞ്ഞു.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായിരിക്കാനും ശ്രീശാന്ത് ആവശ്യപ്പെട്ടു. 2013ലെ ഐപിഎല്‍ വാതുവയ്പ് കേസിനെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

ഇതിനിടെ ശ്രീശാന്ത് നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചിരുന്നു. മാത്രമല്ല തമിഴ്, മറാത്തി സിനിമകളില്‍ അഭിനയിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.