തിരുവനന്തപുരം: ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച നിമിഷത്തെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ക്രീസിലിറങ്ങിയതാണ് കരിയറിലെ മികച്ച നിമിഷങ്ങളിലൊന്നെന്ന് സഞ്ജു പറഞ്ഞു.

വാശിയേറിയ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം എന്നെ നിയോഗിച്ചത് എന്നില്‍ ടീമിനുള്ള വിശ്വാസം എത്രമാത്രമുണ്ടെന്നതിന്റെ തെളിവായിരുന്നു. അതെന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്-സ‍ഞ്ജു പറഞ്ഞു. ബാറ്റ് കൊണ്ട് ആഗ്രഹിച്ചപോലെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനായില്ലെങ്കിലും ന്യൂസിലന്‍ഡ് പര്യടനമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച പരമ്പരയെന്നും സഞ്ജു പറഞ്ഞു. ബാറ്റിംഗ് ശൈലിയില്‍ സമീപകാലത്ത് വരുത്തിയ ചില മാറ്റങ്ങളാണ് പരാജയപ്പെടാന്‍ കാരണമെന്നാണ് ഞാന്‍ കരുതുന്നു. അത് അംഗീകരിച്ച് അടുത്ത പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്.

കൂടുതല്‍ മത്സരങ്ങളിലും റിസര്‍വ് ബെഞ്ചിലിരിക്കേണ്ടിവന്നെങ്കിലും അതില്‍ എനിക്ക് നിരാശയില്ല. കാരണം, എപ്പോഴും പോസറ്റീവ് വശം മാത്രമെ ഞാന്‍ കാണുന്നുള്ളു. കാരണം വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലുള്ള ബാറ്റിംഗ് ഇതിഹാസങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാന്‍ അവസരം ലഭിച്ചത് തന്നെ വലിയ നേട്ടമാണ്. അവരെ വെറുതെ നിരീക്ഷിച്ചാല്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും. കളിക്കളത്തിലും പുറത്തും അവര്‍ എങ്ങനെയാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന്. മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമിന്രെ ഭാഗമാകുക എന്നത് തന്നെ വലിയ നേട്ടമാണെന്നും സഞ്ജു പറഞ്ഞു.