മുംബൈ: നായകനായും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും ഇന്ത്യന്‍ ടീമിനെ പടവുകള്‍ കയറ്റിയ താരമാണ് എം എസ് ധോണി. മുപ്പത്തിയെട്ട് വയസിലെത്തിയ താരം ഉടന്‍ വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ധോണിയെ കുറിച്ചുള്ള ഓർമ്മകള്‍ അയവിറക്കുന്നതിനിടെ ഒരു പഴയ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദേഹത്തിനൊപ്പം ഡ്രസിംഗ് റൂം ചിലവഴിച്ചിട്ടുള്ള വസീം ജാഫർ. 

Read more: നായകന്‍ ഇന്ത്യന്‍ താരം; വസീം ജാഫറിന്‍റെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീം ഇങ്ങനെ

'എനിക്ക് ക്രിക്കറ്റ് കളിച്ച് 30 ലക്ഷം രൂപയുണ്ടാക്കണം. അതുകൊണ്ട് റാഞ്ചിയില്‍ ബാക്കികാലം സമാധാനമായി ജീവിക്കാന്‍ കഴിയും. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ ആദ്യ വർഷമോ രണ്ടാം വർഷമോ ആണ് ഇത് പറഞ്ഞതെന്ന് ഞാന്‍ ഓർക്കുന്നു'. ധോണിയെ കുറിച്ചുള്ള ഇഷ്ടമേറിയ ഓർമ്മ എന്താണെന്ന ചോദ്യത്തിനായിരുന്നു വസീം ജാഫറിന്‍റെ ഈ മറുപടി. 

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ എം എസ് ധോണിയെ നായകനാക്കിയിരുന്നു വസീം ജാഫർ. രോഹിത് ശർമ്മ, വിരാട് കോലി, ക്രിസ് ഗെയ്‍ല്‍, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സുരേഷ് റെയ്ന തുടങ്ങി വമ്പന്‍ പേരുകാരുണ്ട് ജാഫറിന്‍റെ ടീമില്‍.

Read more:ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തം; എന്നാല്‍ അമ്പരപ്പിക്കുന്ന പ്രവചനവുമായി മുന്‍താരം

ടെസ്റ്റില്‍ 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇതുവരെ പാഡഴിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ കിവീസിന് എതിരെയാണ് ഒടുവില്‍ കളിച്ചത്. ഐപിഎല്ലിലൂടെ 38കാരനായ താരം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സീസണ്‍ വൈകുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.