മുംബൈ: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് ആശ്വസിക്കാവുന്ന ഒന്ന് യഷസ്വി ജയ്‌സ്വാളിന്റെ പ്രകടനമായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ജയ്‌സ്വാളായിരുന്നു. ടൂര്‍ണമെന്റിലെ താരവും മറ്റാരുമല്ലായിരുന്നു. ഫൈനലില്‍ മറ്റുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ 88 റണ്‍സുമായി ഇടങ്കയ്യന്‍ ഓപ്പണര്‍ പ്രതീക്ഷയായി. എങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

ഫൈനലില്‍ പലപ്പോഴും ബംഗ്ലാദേശ് താരങ്ങള്‍ ജയ്‌സ്വാളിനെതിരെ പ്രകോപനവുമായെത്തി. ഇതിനെയെല്ലാം അതിജീവിക്കാനായത് മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും നല്‍കിയ ഉപദേശമാണെന്ന് ജയ്‌സ്വാള്‍ വ്യക്തമാക്കി. ജയ്‌സ്വാള്‍ തുടര്‍ന്നു... ''ഫൈനലില്‍ ബംഗ്ലാദേശ് താരങ്ങള്‍ നിരവധി തവണ പ്രകോപനത്തിന് ശ്രമിച്ചു. അനാവശ്യമായി സംസാരിക്കാന്‍ വന്നു. അസഭ്യം പറയുകയുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം ഒരു ചിരികൊണ്ടാണ് നേരിട്ടത്. ടൂര്‍ണമെന്റിന് മുമ്പ് സച്ചിന്‍, ദ്രാവിഡ് എന്നിവരോട് സംസാരിച്ചിരുന്നു. ഇരുവരും ഒരേ ഉപദേശമാണ് നല്‍കിയത്. ബാറ്റുകൊണ്ട് മറുപടി നല്‍കാനാണ് ഇരുവരും പറഞ്ഞത്. ഗ്രൗണ്ടില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതും ഇതുതന്നെയായിരുന്നു. ലോകകപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതും ഇവരുടെ ഉപദേശം കൊണ്ടായിരുന്നു.'' താരം പറഞ്ഞുനിര്‍ത്തി. 

ഇനി ഐപിഎല്‍ കളിക്കാനൊരുങ്ങുകയാണ് ജയ്‌സ്വാള്‍. രാജസ്ഥാന്‍ റോയല്‍സാണ് ജയ്‌സ്വാളിനെ താരലേലത്തില്‍ സ്വന്തമാക്കിയത്.