ലോര്‍ഡ്‌സ്: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ ഫൈനലായിരുന്നു ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ നടന്നത്. സൂപ്പര്‍ ഓവര്‍ ടൈ കണ്ട ക്ലാസിക് ഫൈനലില്‍ ആവേശം അവസാന നിമിഷം വരെ അണപൊട്ടി. സൂപ്പര്‍ ഓവറിലും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തി.

ലോര്‍ഡ്‌സില്‍ ആരാവും കപ്പുയര്‍ത്തുക എന്ന കാത്തിരിപ്പിലായിരുന്നു കണ്ണിമചിമ്മാതെ ക്രിക്കറ്റ് പ്രേമികള്‍. അക്കൂട്ടത്തില്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമുമുണ്ടായിരുന്നു. ഗപ്റ്റിലിനെ റണ്‍ഔട്ടാക്കി മോര്‍ഗനും സംഘവും സംഘവും ക്രിക്കറ്റിന്‍റെ തറവാട്ടില്‍ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ഇംഗ്ലീഷ് വനിതാ ടീമും ആഹ്‌ളാദത്തിമിര്‍പ്പിലാടി. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. 

സൂപ്പര്‍ ഓവറില്‍ കിവികള്‍ക്കായി പന്തെടുത്തത് ബോള്‍ട്ട്. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി പന്തെടുത്തത് ജോഫ്ര ആര്‍ച്ചര്‍. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തോല്‍പിച്ചു. റോയ്‌യുടെ ത്രോയില്‍ ഗപ്റ്റിലിനെ ബട്‌‌ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും.