ബെംഗളുരു: കൊവിഡ് 19 വ്യാപനത്തിനിടെ വില്‍പനയ്ക്ക് എത്തിച്ച വ്യാജ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകള്‍ പിടികൂടി. ബെംഗളുരുവിലെ രാജാജി നഗറില്‍ വില്‍പനയ്ക്ക് എത്തിച്ച 70 വ്യാജ ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററുകളാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. 10 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കല്‍ ഷോപ്പിന്റെ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഇന്‍ഫ്രാഫെഡ് തെര്‍മോ മീറ്റര്‍ വിപണിയില്‍ എത്തിയതെങ്ങനയാണെന്ന് ഉടന്‍ അന്വേഷിച്ച കണ്ടെത്തുമെന്ന് പൊലീസ് വിശദമാക്കി.

രാജാജി നഗറില്‍ പ്രവര്‍ത്തിക്കുന്ന പ്രജ്വല്‍ സര്‍ജികല്‍ ആന്‍ഡ് സയന്‍റിഫിക് എന്ന മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഇവയില്‍ ഉപയോഗിച്ച അറുപതോളം വ്യാജ ബാറ്ററികളും പൊലീസ് കണ്ടെത്തി. മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഈര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. 10000 മുതല്‍ 15000 രൂപ വരെ ഈടാക്കിയാണ് ഇവ വില്‍പന നടത്തിയിരുന്നത്. ചെന്നൈയില്‍ നിന്ന് വന്‍ വിലകുറവില്‍ വാങ്ങിച്ചതാണ് ഇവയെന്നാണ് പ്രാഥമിക വിവരം. 

നിര്‍മാതാക്കള്‍ ആരാണെന്നോ വില എന്താണെന്നോ ഈ ഉപകരണങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. രഹസ്യ വിവരത്തെ തുടര്‍ന്ന് വേഷം മാറിയ പൊലീസ് ഉദ്യോഗസ്ഥന് വ്യാജ ഉല്‍പന്നം വില്‍ക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അറസ്റ്റ്.