ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടയ്ക്ക് നടന്ന കൊലപാതകതക്കേസില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിർ ഹുസൈന്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന താഹിര്‍ ഹുസൈന്‍ ദില്ലി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഐബി ഓഫീസര്‍ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയ കേസിലാണ് താഹിര്‍ അറസ്റ്റിലായത്.  ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്‍റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുത്തത്. 

അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപിച്ചത്. നെഹ്‌റു വിഹാറിൽ നിന്നുള്ള കൗൺസിലറാണ് താഹിർ ഹുസൈന്‍. കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് താഹിർ ചെയ്തിരിക്കുന്നതെന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം. 

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ദില്ലിയില്‍ വര്‍ഗീയ കലാപത്തില്‍ കലാശിക്കുകയായിരുന്നു. ദില്ലി കലാപത്തെ ചൊല്ലി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ താഹിര്‍ ഹുസൈനെ ആം ആദ്മി പാര്‍ട്ടി പുറത്താക്കിയിരുന്നു.

അതേസമയം, ദില്ലി കലാപ കേസ് പരിഗണിച്ച രീതിയിൽ ദില്ലി ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കലാപത്തിന് ഇടയാക്കിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാൻ എന്തിനാണ് ഇത്ര താമസമെന്ന് സുപ്രീം കോടതി ചോദിച്ചു. ദില്ലി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച കേൾക്കണം. വെള്ളിയാഴ്ച തന്നെ കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

എന്നാല്‍, കേസ് വെള്ളിയാഴ്ച തന്നെ കേൾക്കണമെന്ന സുപ്രീംകോടതിയുടെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. കൂടുതൽ സമയം വേണമെന്നാണ് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വരെ എങ്കിലും സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. സോളിസിറ്റർ ജനറലിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് രംഗത്തെത്തി. ഉത്തരവ് എഴുതുന്നതിനിടയിൽ ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു.