തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ടയർ കടയുടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. വൈകീട്ടോടെ ബൈക്കിലെത്തിയ സംഘമാണ് പ്രകോപനം ഒന്നുമില്ലാതെ കടയുടമ സുശീലനെയും തൊഴിലാളി അജിത്തിനെയും ആക്രമിച്ചത്. കടയുടെ ചില്ലുകൾ അക്രമിസംഘം അടച്ചു തകർക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട സംഘത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാട്ടാക്കട മാർക്കറ്റ് റോഡിലെ എംആർഎഫ് ടയേഴ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നംഗ സംഘം ബൈക്കിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഘത്തിന്‍റെ കൈയിലെ ആയുധങ്ങളും സിസിടിവിയില്‍ കാണാം. കടയിലെ ജീവനക്കാരനായ അജിതിനെ ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണം തടയാനെത്തിയപ്പോഴാണ് ഉടമ സുശീലന് മർദനമേറ്റത്. ചുറ്റിക കൊണ്ടുള്ള അടിയിൽ അജിത്തിന്റെ കൈകാലുകൾക്കു പരിക്കേറ്റു. പ്രകോപനം ഒന്നുമില്ലാതെയായിരുന്നു ആക്രമണം.

ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീലനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ടയർ കടയിൽ ഉപയോഗിച്ചിരുന്ന ഇരുമ്പ് കൊണ്ടുള്ള ഉപകരണമാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. അജിത്തിനോടുള്ള പൂർവ്വ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നാലെന്നാണ് സംശയം.