Asianet News MalayalamAsianet News Malayalam

കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരെ വിജിലന്‍സ് സിനിമ സ്റ്റെലില്‍ കുടുക്കി

സംഭവത്തില്‍ വിജിലന്‍സ് പറയുന്നത് ഇങ്ങനെ,  കുരുവിളിയുടെ പേരിൽ 2 ആധാരങ്ങളിൽ 24 സെന്‍റ് സ്ഥലമുണ്ടായിരുന്നു. അത് വില്ലേജ് മാറി റീസർവേ നടന്നപ്പോൾ 17 സെന്‍റായി കുറഞ്ഞു. 

Corrupt revenue officer caught red handed by vigilance kerala
Author
Kottayam, First Published Jan 27, 2020, 11:06 AM IST

കോട്ടയം: കുറവിലങ്ങാട് സ്വകാര്യ വ്യക്തിയുടെ ഭൂമിപരിശോധനയ്ക്ക് കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരെ വിജിലന്‍സ് സിനിമ സ്റ്റെലില്‍ കുടുക്കി. ആറ് വര്‍ഷമായി പരിഹരിക്കാതെ കിടക്കുന്ന ഭൂമിപ്രശ്നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതില്‍ സഹികേട്ട് ഭൂ ഉടമ വെളിയന്നൂര്‍ അരീക്കര വലിയവീട്ടില്‍ വിടി കുരുവിളയുടെ പരാതിയിലാണ് വിജിലന്‍സിന്‍റെ നീക്കം. മീനച്ചില്‍ താലൂക്ക് സര്‍വേയര്‍ ജോയിക്കുട്ടി, ഹെഡ് സര്‍വേയര്‍ എസ് സജീവ് എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്.

സംഭവത്തില്‍ വിജിലന്‍സ് പറയുന്നത് ഇങ്ങനെ,  കുരുവിളിയുടെ പേരിൽ 2 ആധാരങ്ങളിൽ 24 സെന്‍റ് സ്ഥലമുണ്ടായിരുന്നു. അത് വില്ലേജ് മാറി റീസർവേ നടന്നപ്പോൾ 17 സെന്‍റായി കുറഞ്ഞു. ഇതിനകം 3 തവണ അളന്നു പോയിട്ടുണ്ട്. എന്നാല്‍ അളവിന്‍റെ ഫലം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. വില്ലേജ് രേഖയിൽ ഭൂമി കുറച്ചാണ് കാണിച്ചിരിക്കുന്നത്. ഇത് ശരിയാക്കി തരാം എന്ന് പറഞ്ഞ് കുരുവിളയെ നിരന്തരം ഓഫീസുകള്‍ കയറി ഇറങ്ങി. 

അതിനിടയില്‍ ഒരു അത്യാവശ്യം വന്നതോടെ അപേക്ഷയുമായി വില്ലേജ് ഓഫിസിൽ വീണ്ടും കുരുവിള എത്തി.അപേക്ഷ നൽകിയപ്പോൾ താലൂക്കിൽ നിന്ന് നോട്ടിസ് എത്തി. സർവേയർ വന്ന് നോക്കിയതല്ലാതെ തീര്‍പ്പൊന്നും ഉണ്ടാക്കിയില്ല. വീണ്ടും തഹസിൽദാർക്ക് അപേക്ഷ നൽകി. കലക്ടർക്ക് പരാതി നൽകി. ഇതിനും മറുപടി ഉണ്ടായില്ല. അങ്ങനെ വീണ്ടും സർവേയറെ കാണാമെന്നു കരുതി ഓഫിസിലെത്തിയപ്പോൾ ഫയൽ അവിടെ ഇല്ലെന്ന ന്യായീകരണം നടത്തിയത്. 

വീണ്ടും ചെന്നപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അത്യാവശ്യമാണ്, സ്ഥലം മകന് എഴുതിക്കൊടുക്കാനാണ് എന്നു പറഞ്ഞപ്പോൾ ഞങ്ങൾ എഴുതി തന്നാലല്ലേ കൊടുക്കൂ എന്നായി. അത്യാവശ്യമായതു കൊണ്ട് കൊടുത്തേക്കാം എന്നു പറഞ്ഞതോടെ അവരും ഉറപ്പു പറഞ്ഞു.പിന്നീടാണ് കുരുവിള വിജിലന്‍സുമായി ബന്ധപ്പെട്ടത്. ഇത് പ്രകാരം വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാർ, ഡിവൈഎസ്പി എൻ.രാജൻ, സിഐമാരായ റിജോ.പി.ജോസഫ്, രാജൻ.കെ.അരമന, ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം ഓഫീസര്‍മാര്‍ ചേര്‍ന്ന് പ്ലാന്‍ തയ്യാറാക്കി റവന്യൂ ഉദ്യോഗസ്ഥരെ കുടുക്കി.

കഴിഞ്ഞ ദിവസം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 15 വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അരീക്കരയിലേക്ക്. ഒരു ഉദ്യോഗസ്ഥൻ വി.ടി.കുരുവിളയുടെ ബന്ധുവിന്‍റെ വേഷം അണിഞ്ഞു. കാറുമായി പാലായിൽ പോയി സർവേ ഓഫിസിലെ 2 ഉദ്യോഗസ്ഥരെയും അരീക്കരയിൽ കൊണ്ടുവന്നു. സർവേയർമാർ സ്ഥലത്തിന്റെ അളവ് പരിശോധന നടത്തുമ്പോൾ വിജിലൻസ് ഉദ്യോഗസ്ഥർ തൊഴിലാളികളുടെ വേഷത്തിൽ ഇതേ പുരയിടത്തിൽ ഉണ്ടായിരുന്നു. അളവ് ജോലികളിൽ സഹായിക്കുകയും ചെയ്തു.   ജോലികൾ കഴിഞ്ഞതോടെ ചായ കുടിക്കാനായി വീട്ടിലേക്കു ക്ഷണിച്ചു.  വീടിനകത്ത് ചായ കുടിച്ചു കൊണ്ടിരിക്കെയാണ് 2 ഉദ്യോഗസ്ഥർക്കും കൈക്കൂലി പണം കൈമാറിയത്. അപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടുനുള്ളില്‍ കയറി ഇവരെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios