Asianet News MalayalamAsianet News Malayalam

ലക്ഷ്യം ക്വട്ടേഷൻ, തെറ്റിദ്ധരിപ്പിക്കാൻ തക്ബീർ വിളി; കണ്ണൂരിൽ ഗുണ്ടാസംഘം പിടിയിൽ

വ്യാപാരിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അഞ്ചംഗ ക്വട്ടേഷൻ സംഘം ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് തക്ബീർ വിളിച്ചത്. ശനിയാഴ്ചയായിരുന്നു ഈ സംഘത്തിന്‍റെ വിളയാട്ടം.

five member quotation team who raised takbeer arrested by kannur police
Author
Kannur, First Published Feb 28, 2020, 10:55 PM IST

കണ്ണൂർ: നഗരത്തിൽ വ്യാപാരിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിനെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. പൊലീസുകാരെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് പിടിയിലായവർ. പൊലീസ് പിടികൂടാനെത്തിയപ്പോൾ തക്ബീർ മുഴക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു.

കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ക്വട്ടേഷൻ സംഘത്തിന്‍റെ വിളയാട്ടം. പുതിയതെരു സ്വദേശി ചാണ്ടി ഷമീം, അരിമ്പ്ര സ്വദേശി നൗഫൽ, അത്താഴ്ക്കുന്ന് സ്വദേശി വിഷ്ണു, എറമുള്ളാൻ, എടക്കാട് സ്വദേശി അഷ്ഹാബ് എന്നിവരെ ബലം പ്രയോഗിച്ചാണ് പൊലീസ് പിടികൂടിയത്. 

വ്യാപാരിയെ ആക്രമിക്കാനെത്തിയ സംഘത്തെ, നേരത്തേ രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസെത്തി പിടികൂടി. പിടിയിലായെന്ന് ഉറപ്പായപ്പോൾ നാടകീയമായി 'തക്ബീർ' വിളിച്ചു പ്രതികൾ. 'ബോലോ തക്ബീർ, അള്ളാഹു അക്ബർ' എന്ന് വിളിച്ചതിലൂടെ, ആളുകളെ തെറ്റിദ്ധരിപ്പിക്കാനും സംഭവത്തിന് ഒരു വർഗീയ ചുവയുണ്ടാക്കാനുമാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ചാണ്ടി ഷമീമിനെതിരെ പൊലീസിനെ ആക്രമിച്ചതിന് മാത്രം നാല് കേസുകളുണ്ട്. നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റിമാൻ‍ഡിലായ പ്രതികൾ പുറത്തിറങ്ങിയാൽ കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. വ്യാപാരിയെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘമെത്തുമെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസ് പിടികൂടുമെന്നായതോടെയാണ് തക്ബീർ മുഴക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സംഘം ശ്രമിച്ചതെന്ന് വ്യക്തമായ തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിനിടെ, പൊലീസിന് നേരെയും കയ്യേറ്റശ്രമമുണ്ടായി. 

എന്നാൽ വ്യാപാരി പരാതി നൽകാൻ തയ്യാറായിരുന്നില്ല എന്നത് പൊലീസിന് തിരിച്ചടിയായി. നിലവിൽ പൊലീസിനെ ആക്രമിച്ചു എന്ന കുറ്റം മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

എങ്കിലും, നഗരമധ്യത്തിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ക്വട്ടേഷൻ സംഘത്തെ പിടികൂടിയ കണ്ണൂർ ടൗൺ പൊലീസ് സംഘത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios