Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: ഗീതുവും സംയുക്തയും കോടതിയില്‍, കുഞ്ചാക്കോ ബോബനേയും വിസ്തരിക്കും

കേസില്‍ മഞ്ജുവാര്യര്‍, സിദ്ധിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. 

Geethu mohandas and samuyktha varma appeared before special cbi court
Author
CBI Road, First Published Feb 28, 2020, 12:50 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസും സംയുക്തവര്‍മ്മയും കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായി. സാക്ഷി മൊഴി നല്‍കാന്‍ വേണ്ടിയാണ് ഇരുവരും കോടതിയില്‍ ഹാജരായത്. കേസില്‍ നടിയും ഒന്‍പതാം പ്രതി ദിലീപിന്‍റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യരുടെ മൊഴി നേരത്തെ സിബിഐ കോടതി രേഖപ്പെടുത്തിയിരുന്നു. പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് മഞ്‍ജു വാര്യ‌ർ, സംയുക്ത വർമ്മ,ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നത്.

നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരമാണ് നിലവില്‍ നടക്കുന്നത്. മഞ്ജു വാര്യർ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. വെള്ളിയാഴ്ച്ച ഗീതു മോഹൻദാസ് , സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരുടെയും ശനിയാഴ്ച്ച സംവിധായകൻ ശ്രീകുമാർ മേനോന്റെയും മൊഴി രേഖപ്പെടുത്തും. അടുത്ത മാസം നാലിന് റിമി ടോമിയുടെ മൊഴിയും രേഖപ്പെടുത്തും. 

ദിലീപിന്റേതുൾപ്പെടെയുള്ള പ്രതിഭാഗം അഭിഭാഷകർക്ക് മൊഴി നൽകുന്നവരെ വിസ്തരിക്കാനും അവസരമുണ്ട്. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആരോപിച്ചിരുന്നു. എന്നാൽ ദിലീപുമായി മഞ്ജു സൗഹൃദത്തിലായി എന്ന പ്രചാരണം കേസിനെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്. 

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. കൃത്യം നടക്കുന്ന സമയത്ത് ഇവരെ പിന്തുടർന്ന ടെംപോ ട്രാവലർ വാടകയ്ക്ക് നൽകിയ ആളുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു.  എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ  രഹസ്യമായാണ് മൊഴിയെടുക്കലും എതിർ വിസ്താരവും നടക്കുന്നത്.

Follow Us:
Download App:
  • android
  • ios