പൂനെ: വീട്ടില്‍ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താനും ഗര്‍ഭം ധരിക്കാനും പ്രത്യേക പൂജ നടത്താമെന്ന വ്യാജേന യുവതിയെയും നാല് സഹോദരിമാരേയും ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍. മുപ്പത്തിരണ്ടുകാരനായ സോംനാഥ് ചവാനാണ് അറസ്റ്റിലായത്. പ്രതി പീഡിപ്പിച്ച സഹോദരിമാരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ഇരുപത്തിരണ്ടുകാരിയായ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2019 ജനുവരിയിലും ഫെബ്രുവരിയിലുമാണ് സോംനാഥ് ഇവരെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സഹോദരിമാര്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ആരോ കുടുംബത്തിന് നേരെ മന്ത്രവാദം നടത്തിയിട്ടുണ്ടെന്ന് പ്രതി യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. 

സഹോദരിമാരിൽ ഒരാളുടെ ജീവൻ അപകടത്തിലാണെന്നും അവളെ രക്ഷപ്പെടുത്താൻ പ്രത്യേകം പൂജ നടത്താമെന്നും വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ സഹായിക്കാമെന്നും യുവതിയോട് സോംനാഥ് പറഞ്ഞു. ഇതിന്റെ പേരിൽ പ്രതി യുവതിയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ പ്രതി പരാതിക്കാരിയെയും സഹോദരങ്ങളെയും പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ വ്യാജരേഖകൾ ഉണ്ടാക്കിയതായും പൊലീസ് പറയുന്നു. പോക്‌സോ വകുപ്പ്, നരബലി, മന്ത്രവാദനിരോധനനിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് സോംനാഥിനെതിരെ കേസെടുത്തിരിക്കുന്നത്.