കൊല്ലം: കരുനാഗപ്പള്ളി പുത്തൻതെരുവില്‍ വൻ കവർച്ച. വീട് കുത്തിത്തുറന്ന് 45 പവൻ സ്വര്‍ണവും പണവും കവര്‍ന്നു. പൊലീസ് അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളി പുത്തൻതെരുവ് ജംക്ഷനിലെ റഷീദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. പുലര്‍ച്ചെ വീട്ടിലെത്തിയ റഷീദ്കുട്ടിയാണ് മോഷണ വിവരം അറിയുന്നത്. 

വീടിന്‍റെ മുൻ വാതില്‍ കമ്പിപ്പാരകൊണ്ട് തകര്‍ത്താണ് മോഷ്ടാക്കൾ വീടിനകത്ത് പ്രവേശിച്ചത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 45 പവൻ സ്വര്‍ണവും 70,000 രൂപയും മോഷണം പോയി. മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര ഹാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ മറ്റൊരു വീട്ടിലും അതേ ദിവസം തന്നെ മോഷണശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.