കൊല്ലം: കെഎസ്എഫ്ഇയുടെ കൊല്ലം പ്രാക്കുളം ശാഖയിൽ സ്വര്‍ണ വായ്പ തട്ടിപ്പ്. മുക്കുപണ്ടം പണയം വെച്ച് ഒന്‍പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അതേസമയം കരുനാഗപ്പള്ളി ബ്രാഞ്ചിലെ തട്ടിപ്പ് കേസിലെ കൂട്ടു പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

കെഎസ്എഫ്ഇ പ്രാക്കുളം ശാഖയിലെ ഗോൾഡ് അപ്രൈസറും ഞാറയ്ക്കൽ സ്വദേശിയുമായ സനൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുക്കുപണ്ടം പണയം വെച്ച് 37 സ്വർണ വായ്പകളിലായി 8.50 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കേസ്. ഹെഡ് ഓഫിസിൽ നിന്നുള്ള നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ലോക്കര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്‌. 

തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പണം തിരികെ അടപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ മാനേജര്‍ ശ്രമിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.

പ്രാക്കുളത്തേതിന് സമാനമായി കെഎസ്എഫ്ഇയുടെ കരുനാഗപ്പള്ളി ശാഖയിലും തട്ടിപ്പ് നടന്നിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഒന്നാം പ്രതിയായ 
താത്കാലിക ജീവനക്കാരന്‍ ബിജുകുമാറിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ പണയ ഇടപാട് സ്ഥാപനത്തിന്റെ ഉടമസ്ഥരും കൂട്ടു പ്രതികളുമായ കൃഷ്ണ കുമാറിന്റെയും പ്രിയങ്കയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.