ചേര്‍ത്തല: ചേര്‍ത്തലയില്‍ യുവാവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നതിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പട്ടണക്കാട് ഗ്രാമപഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്തിന്റെ ഭാര്യ സൗമ്യ(30)അണ്  ഇന്ന്  പുലർച്ചെ അഞ്ചോടെ കൊല്ലപ്പെട്ടത്. കിടപ്പുമുറിയില്‍ കിടന്നിരുന്ന സൗമ്യയെ ഭര്‍ത്താവ് പ്രജിത്ത് കോടാലികൊണ്ടാണ് തലക്കടിക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. പലവട്ടം പ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളും മധ്യസ്ഥരും ഇടപെട്ട് പറഞ്ഞു തീര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്കു നയിച്ച പെട്ടന്നുള്ള പ്രകോപനം എന്താണെന്ന് അന്വേഷിച്ചുവരികയാണ്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചണര്‍ത്തി  ഒന്നരവയസ്സുള്ള കുട്ടിയെ ഏല്പിച്ചാണ് പ്രജിത്ത് താന്‍ സൗമ്യയെ കൊലപ്പെടുത്തിയ  വിവരമറിയിച്ചത്. തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി, സഹോദരന്റെ സഹായത്തോടെ വെട്ടേറ്റുകിടന്ന സൗമ്യയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ആറോടെ മരിച്ചു.  

ഇതേസമയം പ്രജീത്ത് പട്ടണക്കാട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പട്ടണക്കാട് സി.ഐ രൂപേഷ് രാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍  പൊലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.