ലണ്ടന്‍: വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യന്‍ വംശജന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ച് യുകെ കോടതി. 53കാരനായ സന്തോഖ് ജോഹലിനാണ് സ്നെയേഴ്സ്ബ്രൂക്ക് കോടതി ശിക്ഷ വിധിച്ചത്. ആക്രമണത്തിനിരയായ 30കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പ്രതി തന്‍റെ ശിഷ്ടജീവിതത്തില്‍ ഈ തെറ്റിനെക്കുറിച്ച് ഓര്‍മ്മിക്കണമെന്നും അതിനാല്‍ തക്കതായ ശിക്ഷ നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2019 ജനുവരി നാലിന് ലേയ്റ്റണിലെ വീടിന് മുമ്പില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ജോഹല്‍ അയല്‍വാസിയെ കത്തികൊണ്ട് കുത്തുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസില്‍ വിവരമറിയിച്ച അയല്‍വാസി വീട്ടിലെ ജനാല തുറന്നപ്പോള്‍ ജോഹല്‍ ഇയാളുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രണണത്തിന് ശേഷം അവിടെ നിന്നും ജോഹല്‍ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസിന്‍റെ പിടിയിലായി. പൊലീസാണ് ആക്രമിക്കപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലും കൈകളിലും  20 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഈ സംഭവം പേടിപ്പെടുത്തുന്നതാണെന്നും തനിക്ക് ഉറങ്ങാന്‍ പോലും കഴിയാറില്ലെന്നും ആക്രമണത്തിനിരയായ വ്യക്തി കോടതിയെ അറിയിച്ചു.