തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അറസ്റ്റിലായ എസ്ഐ റെജി ബാലചന്ദ്രനെ മാർച്ച് 10 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റെജിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകൾ കാണാതായ കേസിൽ ക്രൈം ബ്രാഞ്ച് നടപടികൾ കടുപ്പിച്ചതോടെയാണ് റെജിയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. വെടിയുണ്ടകൾ കാണാതായ കേസിൽ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത് . 

എസ്എപി ക്യാംപിൽ വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രൻ. റെജിക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന വിവരത്തിൽ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നടപിടി എടുത്തത്. വെടിയുണ്ടകള്‍ കാണായാതായ സംഭവവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ  ഒൻപതാം പ്രതിയാണ് റെജി ബാലചന്ദ്രൻ. ഇപ്പോള്‍ കേരള ആംഡ് പൊലീസ് ബറ്റാലിയൻ മൂന്നിലെ എസ്ഐയാണ്.

കേരള പൊലീസിന്‍റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തൽ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എസ്എപി ക്യാമ്പിൽ നിന്നും 12000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തൽ. സിഎജി റിപ്പോർട്ട് ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻറെ നടപടി. 

വെടിയുണ്ടകളുടെ അന്വേഷണം നടക്കുമ്പോള്‍ കാണാതായ വെടിയുണ്ടകള്‍ക്കു പകരം ഡമ്മി വെടിയുണ്ടകളും എസ്എപിയുടെ അയുധപുരയിൽ പൊലീസുകാർ കൊണ്ടുവച്ചു.  മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ ഗൺമാൻ സനൽ അടക്കമുള്ളവര്‍ കേസിൽ പ്രതികളാണ്.

എസ്എപിയിലേക്ക് പൊലീസ് ചീഫ് സ്റ്റോറിൽ നിന്നും നൽകിയ വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നു. സിഎജി റിപ്പോര്‍ട്ടിലെയും ആഭ്യന്തര ഓഡിറ്റിലേയും കണക്കുകളിലും വലിയ പൊരുത്തക്കേട് ഉണ്ട്. ഈ സാഹചര്യത്തിൽ തോക്ക് പരിശോധിച്ച അതേ പോലെ തിരകളും പരിശോധിക്കാൻ ക്രൈബ്രാഞ്ച് തീരുമാനിച്ചിരിക്കുകയാണ്.