കൊച്ചി: ഹണി ട്രാപ്പില്‍പ്പെടുത്തിയ ശേഷം ബ്ലാക്കമെയില്‍ ചെയ്ത് പണവും കാറും തട്ടിയെടുത്ത കേസില്‍ സിനിമ പ്രവര്‍ത്തകയായ യുവതിയും സുഹൃത്തും കൊച്ചിയില്‍ പിടിയിലായി. ബിസിനസുകാരനായ യുവാവാണ് തട്ടിപ്പിനിരയാക്കിയത്. കേസില്‍ രണ്ട് പേരെ കൂടി ഇനിയും  പിടികൂടാനുണ്ട്. കാക്കനാട് സ്വദേശിനി ജൂലി,പാലാരവട്ടം സ്വദേശി രന്‍ജീഷ് എന്നിവരെയാണ്  കാക്കനാട് ഇന്ഫോപാര്‍ക് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ജനുവരി 27നാണ് സംഭവം. കാക്കനാട്ടെ യുവതിയുടെ പുതുതായി തുടങ്ങിയ ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിലേക്ക് യുവാവിനെയും ബന്ധുവിനെയും വിളിച്ചു വരുത്തി ശേഷമാണ് തട്ടിപ്പ് നടത്തിയത്. ബിസിനസുകാരനായ യുവാവ് മുറിയില്‍ കയറിയ ഉടന്‍ പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി എത്തുകയും യുവാവിനെ നഗനാക്കി നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അഞ്ച് ലക്ഷം  രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്‍റെ കാറും മൂന്ന് മൊബൈല്‍ ഫോണും തട്ടിയെടുത്തു. അന്ന് 20,000 രൂപ യുവാവ് നല്‍കി. 

പിന്നീട് രണ്ട് ദിവസങ്ങളിലായി അമ്പതിനായിരം രൂപ നല്‍കി. ഇതിനിടെ യുവാവിന്‍റെ ചില സുഹൃത്തുക്കള്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ഇതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജൂലിക്കും രന്‍ജിഷിനുമെതിരെ വെറെയും തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. കേസില്‍ ഇവരുടെ കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

"