താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കുറ്റപത്രം നാളെ സമർപ്പിക്കും.പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുക. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ കൊന്നതെന്നാണ് കുറ്റപത്രം.

മഷ്റൂം ക്യാപ്സ്യൂളില്‍ സയനൈഡ് നിറച്ച് നല‍്കിയാണ് ടോം തോമസിനെ ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര‍്ത്ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം. 170 ലധികം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ജോളിയുടെ മകന്‍ റെമോ പ്രധാന സാക്ഷി. ക്യാപ്സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

ടോം തോമസിന് ദിവസവും മഷ്റൂം ക്യാപ്സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് നിറച്ച ക്യാപ്സ്യൂള്‍ എളുപ്പത്തില്‍ ഇദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാന്‍ ജോളിക്കായി.

ആദ്യം ഓടിയെത്തിയ അയല്ക്കാരും ആശുപത്രിയിലേക്ക് കൊണ്ട്പോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളാണ്. കൂടത്തായി കൂട്ടകൊലപാതക കേസിലെ അഞ്ചാമത്തെ കുറ്റപത്രമാണ് വ്യാഴാഴ്ച സര്‍പ്പിക്കുന്നത്.