Asianet News MalayalamAsianet News Malayalam

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍റെ മരണം; ബിജെപി മുന്‍ എംഎല്‍എ കുൽദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്

c

kuldeep sengar gets 10 yrs in prison for custodial death of unnao rape survivor s father
Author
Delhi, First Published Mar 13, 2020, 11:11 PM IST

ദില്ലി: ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്‍റെ കസ്റ്റഡി മരണത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറുള്‍പ്പടെ ആറ് പ്രതികള്‍ക്ക് പത്ത് വർഷം തടവ്. സെൻഗാറും സഹോദരൻ അതുൽ സെൻഗാറും പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽണമെന്നും ദില്ലി തീസ് ഹസാരി കോടതി ഉത്തരവിട്ടു.

നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ജനപ്രതിനിധി തന്നെ നിയമ ലംഘനം നടത്തിയെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. മനപൂര്‍വ്വമായ നരഹത്യ, ഗൂഢാലോചന എന്നിവ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് തടവ് ശിക്ഷ വിധിച്ചത്. തനിക്ക് രണ്ട് പെൺമക്കളാണെന്നും വെറുതെ വിടണമെന്നും സെന്‍ഗാര്‍ അപേക്ഷിച്ചു. കുടുംബം എല്ലാവർക്കും ഉണ്ടെന്നും കുറ്റം ചെയ്യുമ്പോൾ ഇത് ആലോചിക്കണമായിരുന്നു എന്നും കോടതി പ്രതികരിച്ചു.  

2018 ഏപ്രിലിലാണ് സംഭവം നടന്നത്. മകളെ സെംഗാർ പീഡിപ്പിച്ച കേസ് പരിഗണിക്കുന്ന കോടതിയിലേക്ക് പോകുകയായിരുന്ന അച്ഛനെ സെംഗാറിന്റെ സഹോദരനും കൂട്ടാളികളും ചേർന്ന് തടഞ്ഞു. ഇരുവർക്കുമിടയിൽ തർക്കമുണ്ടാകുകയും പ്രതികൾ പെൺകുട്ടിയുടെ അച്ഛനെ മർദ്ദിച്ചവശനാക്കുകയും ചെയ്തു. ശേഷം തോക്ക് കൈവശം വച്ചെന്ന് ആരോപിച്ച് പൊലീസിന് കൈമാറി. മണിക്കൂറുകൾക്കകം പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു. പ്രതികളിൽ രണ്ട് പേർ പൊലീസുകാരാണ്.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സെൻഗാറിനെ നേരത്തേ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ട കേസിലും സെൻഗാർ വിചാരണ നേരിടുകയാണ്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് പിതൃ സഹോദരിമാർ കൊല്ലപ്പെട്ടിരുന്നു. സുപ്രീം കോടതി ഇടപെടലിലാണ് ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റിയത്.

Follow Us:
Download App:
  • android
  • ios