കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രമായി. ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ അമ്മ അന്നമ്മയെ കൊന്ന കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ജോളി മാത്രമാണ് പ്രതി. ആട്ടിൻസൂപ്പിൽ വിഷം കലർത്തി നൽകിയാണ് അന്നമ്മയെ ജോളി കൊന്നതെന്ന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞതായി റൂറൽ എസ്‍പി കെ ജി സൈമൺ വ്യക്തമാക്കി. ഇതിന് ശേഷം, റൂറൽ എസ്‍പി സ്ഥാനമൊഴിഞ്ഞ് അദ്ദേഹം പത്തനംതിട്ട എസ്‍പിയായി സ്ഥാനമേൽക്കും. കേരളത്തിലെ പൊലീസ് സേനയ്ക്ക് തന്നെ അഭിമാനമാകുന്ന തരത്തിലുള്ള കൊലപാതക പരമ്പര അന്വേഷിച്ച് തെളിയിച്ചാണ് സൈമൺ സ്ഥാനത്ത് നിന്ന് മാറുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചത്. 129 സാക്ഷികൾ, 79 ഡോക്യുമെന്‍റ്സ്, 1061 പേജ്. കുറ്റമറ്റ രീതിയിൽത്തന്നെ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കെ ജി സൈമൺ വ്യക്തമാക്കി.

കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യത്തെ കൊലപാതകമായിരുന്നു അന്നമ്മയുടേത്. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നത്. വിഷത്തിന്‍റെ മണം അറിയാതിരിക്കാനായി തലേ ദിവസം തന്നെ സൂപ്പില്‍ ഇത് കലക്കി വച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്നമ്മയ്ക്ക് സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്നത് ജോളിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബിരുദാനന്തര ബിരുദ ധാരിയാണെന്നാണ് ഭർത്താവിന്‍റെ കുടുംബത്തെ വിശ്വസിപ്പിച്ചിരുന്നത്. അന്നമ്മ നിരന്തരം ജോളിയോട് ജോലിക്ക് പോകാന്‍ ആവശ്യപ്പെടുമായിരുന്നു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള കള്ളത്തരങ്ങള്‍ പുറത്താകുമോ എന്ന ഭയവും വീടിന്‍റെ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശവുമാണ് കൊലപാതകത്തിന് കാരണം.

ജോളി മാത്രമാണ് കേസില്‍ പ്രതി. നൂറ്റി അന്‍പതിലധികം സാക്ഷികളുണ്ട്. ചില പത്ര വാര്‍ത്തകളില്‍ നിന്നാണ് ഡോഗ് കില്‍ എന്ന വിഷത്തെക്കുറിച്ച് ജോളി മനസിലാക്കിയത്. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് അസുഖമുള്ള നായയെ കൊല്ലാനാണെന്നും പറഞ്ഞാണ് മരുന്ന് കുറിപ്പടി ജോളി വാങ്ങുന്നത്. ഡോഗ് കില്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പിന്‍റെ വിശദാംശങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും മറ്റ് തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.