Asianet News MalayalamAsianet News Malayalam

സാമൂഹിക അകലം പാലിക്കുന്നതിനെച്ചൊല്ലി വഴക്ക്; ഒരാൾ കുത്തേറ്റ് മരിച്ചു, പാലക്കാട് സ്വദേശി അറസ്റ്റില്‍

കൊവിഡ് 19 രോ​ഗബാധയിൽ തനിക്ക് ആശങ്കയുണ്ടെന്നും അതിനാൽ സുരക്ഷിതമായ അകലം പാലിക്കാനും ജ്യോതിമണി ദേവദാസിനോട് ആവശ്യപ്പെട്ടു.

man stabbed to death for social distance maintain
Author
Ooty, First Published Mar 25, 2020, 11:15 AM IST

ഉദ​ഗമണ്ഡലം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഉദ​ഗമണ്ഡലം നൊണ്ടിമേ‍ട് സ്വദേശിയായ ആർ. ജ്യോതിമണി (35)യാണ് മരിച്ചത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഊട്ടിയിലെ പച്ചക്കറി ചന്തയിൽ കയറ്റിറക്കു തൊഴിലാളിയാണ്. സംഭവത്തിൽ 23 വയസ്സുള്ള ദേവദാസിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ പാലക്കാട് സ്വദേശിയാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചന്തക്ക് സമീപത്തുള്ള ചായക്കടയിൽ ചായ കുടിക്കാനെത്തിയതായിരുന്നു ജോതിമണി. കൊവിഡ് 19 രോ​ഗബാധയിൽ തനിക്ക് ആശങ്കയുണ്ടെന്നും അതിനാൽ സുരക്ഷിതമായ അകലം പാലിക്കാനും ജ്യോതിമണി ദേവദാസിനോട് ആവശ്യപ്പെട്ടു. ഇതിനെതുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം ​ഗുരുതരമായ വഴക്കിലെത്തുകയായിരുന്നു. ജ്യോതിമണി ദേവദാസിനെ അടിക്കാൻ ശ്രമിച്ചപ്പോൾ കടയിൽ നിന്ന് കത്തിയെടുത്ത് ഇയാൾ ജ്യോതിമണിയെ കുത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ ജ്യോതിമണി മരിച്ചു. ഉടനടി പൊലീസ് സംഭവസ്ഥലത്തെത്തുകയും ദേവദാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ഇവർ തമ്മിലുണ്ടായ വഴക്കിന്റെ യഥാർത്ഥ കാരണം അവ്യക്തമാണെന്ന് നീല​ഗിരി പൊലീസ് സൂപ്രണ്ട് വി ശശി മോഹൻ പറഞ്ഞു. ദേവദാസ് തൊട്ടടുത്ത് നിന്നപ്പോൾ ജ്യോതിമണി എതിർത്തതാണ് വഴക്കിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios