ഇൻഡോർ: മധ്യപദേശിലെ ഇൻഡോർ നഗരം. അവിടെ കഴിഞ്ഞ ദിവസം മൂന്നു ക്രിമിനലുകളെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പൊലീസ്. വെബ് സീരീസിന്റെ ഷൂട്ടിങ് എന്ന പേരും പറഞ്ഞ് പരസ്യങ്ങളിൽ മോഡലായി അഭിനയിക്കുന്ന ഒരു പുതുമുഖ നേടിയെക്കൊണ്ട് ലൈംഗികബന്ധത്തിലേർപ്പെടുന്ന രംഗത്തിൽ അഭിനയിപ്പിച്ച്, അതിന്റെ വീഡിയോ പോൺ സൈറ്റിൽ വിറ്റു പണമുണ്ടാക്കി എന്നതാണ് അവർക്കുമേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. ഇങ്ങനെ ഒരു പരാതി ജൂലൈ 25 -നാണ് നഗരത്തിലെ ഒരു മോഡലിൽ നിന്ന് ഇൻഡോർ പൊലീസിന് കിട്ടുന്നത്. അതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട മൂന്നു പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം രണ്ടുപേർ അറസ്റ്റിലായി, നാടന് ദിവസം മുമ്പ് മൂന്നാമനും. 

സൈബർ സെല്ലിനാണ് ഈ മോഡലിന്റെ പരാതി കിട്ടുന്നത്. ഒരു വെബ് സീരിസ് എപ്പിസോഡ് എന്ന പേരിൽ തന്നെക്കൊണ്ട് പ്രതികൾ ഒരു അഡൾട്ട് സീനിൽ അഭിനയിപ്പിച്ചു എന്നും, ആ ദൃശ്യങ്ങൾ പിന്നീടവർ ഒരു പോൺ സൈറ്റിന് വിട്ടു എന്നുമാണ് യുവതി പരാതിപ്പെട്ടത്. ഷൂട്ടിങ്ങിനായി തന്നെ പ്രതികൾ കൂട്ടിക്കൊണ്ടുപോയത് അറിയപ്പെടുന്ന ഒരു ഫാം ഹൗസിലേക്കായിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു. എഫ്‌ഐആറിൽ യുവതിയിലൂടെ മൊഴിയായി ചിലരുടെ പേരുകളും ഉണ്ടായിരുന്നു. 

മിലിന്ദ് ഡാവർ. അങ്കിത് സിംഗ് എന്നിവരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതി ബ്രിജേന്ദ്ര സിംഗ് ഗുർജറിന്റെ പേര് പുറത്തുവന്നത്. അറസ്റ്റുചെയ്തവർ പൊലീസിനോട് കുറ്റസമ്മതം നടത്തിയതോടെ അന്വേഷണത്തിന് പരിസമാപ്തിയായി. ചോദ്യം ചെയ്യലിനിടെ ഈ ഗൂഢസംഘം പുറത്തുവിട്ട വിവരങ്ങൾ പൊലീസിനെ ഞെട്ടിക്കുന്നവയായിരുന്നു. ഇൻഡോർ മുതൽ അങ്ങ് മുംബൈ വരെ നീണ്ടു കിടക്കുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ എന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇങ്ങനെയുള്ള രംഗങ്ങളുടെ വീഡിയോകൾക്ക് പോൺ വെബ്‌സൈറ്റുകളിൽ വലിയ ഡിമാൻഡ് ആണെന്നും, അതുകൊണ്ടാണ് തങ്ങൾ അവസരങ്ങൾ തേടി നടക്കുന്ന മോഡലുകളെ സമീപിച്ച് അവരെ പറ്റിച്ച് വീഡിയോ ഷൂട്ട് ചെയ്ത് ഈ സൈറ്റുകൾക്ക് വിൽക്കാമെന്നു തീരുമാനിച്ചത് എന്നും അവർ പറഞ്ഞു. വെബ് സീരീസുകളിലെ സെൻസർഷിപ്പ് നിയന്ത്രണങ്ങൾ അത്ര കർശനമല്ലാത്തതുകൊണ്ട് ഇങ്ങനെയുള്ള ചൂടൻ രംഗങ്ങളിൽ അഭിനയിക്കണം എന്ന് പറഞ്ഞാലും മോഡലുകൾക്ക് സംശയം തോന്നില്ല, എന്ന് മാത്രമല്ല 'ബോൾഡ്' രംഗങ്ങൾ എന്ന നിലക്ക് പല യുവമോഡലുകളും ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ തയ്യാറാകാറുണ്ട് എന്നും പിടിയിലായവർ പറഞ്ഞു. മുംബൈയിൽ അജയ് സിംഗ്, വിജയാനന്ദ് പാണ്ഡെ എന്നിവരാണ് ഇതുപോലെയുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നത് എന്നും ഇൻഡോറിൽ പിടിയിലായവർ വെളിപ്പെടുത്തി. 

സംഹഗത്തിലെ മിലിന്ദ് സിംഗ് എന്നയാൾക്ക് ഇൻഡോറിലെ പല ഫാഷൻ ഷോകളുടെയും പരസ്യചിത്രങ്ങളിലും എക്സ്ട്രാ നടൻ ആയി അഭിനയിച്ച പരിചയമുണ്ട്.  സംഘത്തിൽ സംസാരിക്കാൻ അസാമാന്യമായ ശേഷി ഉണ്ടായിരുന്ന ബ്രിജേന്ദ്ര സിംഗ് ഗുർജർ ആണ് ഡയറക്ടർ എന്നും പറഞ്ഞ് യുവതിയുമായി സംസാരിക്കുക. അത്യാവശ്യം പരിചയം അയശേഷമാണ് അയാൾ സ്വന്തമായി MDFM എന്നപേരിൽ ഒരു മോഡലിംഗ് ഏജൻസി തുടങ്ങുന്നത്. അങ്കിത് എന്നയാളാകട്ടെ NFH എന്നുപേരായ ഒരു പരസ്യ സ്ഥാപനത്തിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള ആളാണ്. ഈ ഗൂഢ സംഘം വിരിച്ചവലയിൽ കുടുങ്ങി എത്ര യുവതികൾക്ക് പ്രയാസം നേരിട്ടിട്ടുണ്ട്, അവരിൽ എത്ര പേര് പരാതി നൽകാൻ മടിച്ച് ഒഴിഞ്ഞുമാറി നിൽക്കുന്നുണ്ട് എന്നൊക്കെയുള്ള വിശദമായ അന്വേഷണത്തിലാണ് ഇൻഡോർ പൊലീസ് ഇപ്പോൾ.