ബെംഗളൂരു: നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ സൈബർ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. ഒരു ഡിവിഷനു കീഴിൽ ഒരു സൈബർ സ്റ്റേഷൻ എന്ന രീതിയിലാണ് സ്ഥാപിക്കുക. ഇത് പ്രകാരം ഒരു ഡിവിഷനു കീഴിലുളള എട്ടു പൊലീസ്റ്റേഷനുകളിൽ രജിസ്ട്രർ ചെയ്യപ്പെടുന്ന പരാതികൾ ഒരു സൈബർ പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കും.

സൈബർ പൊലീസ് സ്റ്റേഷനുകൾ 2020 ജനുവരി ഒന്നുമുതലോ അല്ലെങ്കിൽ ഫെബ്രുവരിയോടെയോ പ്രവർത്തനമാരംഭിക്കുമെന്ന് സൈബർ പൊലീസ് ഇൻസ്പെക്ടർ പ്രശാന്ത് ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. കേസന്വേഷണത്തിന് കൂടുതൽ പേർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും മുൻകാലങ്ങളെ അപേക്ഷിച്ച് നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറയുന്നു.

നിലവിൽ ഇൻഫൻട്രി റോഡിലുളള സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനം പരാതികൾ സ്വീകരിക്കുന്നതുമായ ബന്ധപ്പെട്ട സോഫ്ട്വെയർ തകരാറുകാരണം താൽക്കാലികമായി നിർത്തിവച്ചിരിരുന്നു. “ഒരു നിശ്ചിത നമ്പർ വരെയുളള പരാതികൾ മാത്രമേ രജിസ്ട്രർ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. രണ്ടാഴ്ച്ചയിലധികമായി എഫ് ഐ ആർ രജിസ്ട്രർ ചെയ്തിരുന്നില്ല. രണ്ടു ദിവസം മുമ്പാണ് പുതിയ സോഫ്ട്വെയർ അപ്ഡേഷനോടുകൂടി സൈബർ സ്റ്റേഷൻ വീണ്ടും പ്രവർത്തനനിരതമായതെന്നും പ്രശാന്ത് ബാബു പറഞ്ഞു.

ദിനംപ്രതിയെന്നോണം നിരവധി സൈബർ കുറ്റകൃത്യങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കണക്കുകൾ പ്രകാരം ബംഗളൂരു നഗരത്തിൽ 2014 ൽ 660 സൈബർ കുറ്റകൃത്യങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ 2019 ൽ ഇത് 7,516 ആയി ഉയർന്നു. വിവിധ കേസുകളിൽ ഇൗ വർഷം 26 പേരെ മാത്രമാണ് അറസ്റ്റു ചെയ്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.