ബെര്‍ലിന്‍: മുലപ്പാലിൽ മോർഫിൻ‌ കലക്കി നവജാതശിശുക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നഴ്‌സ് അറസ്റ്റിൽ. സൗത്ത് ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്‌സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ആശുപത്രിയിലെ ഓരേ വാർഡിൽ പ്രവേശിച്ച അഞ്ച് നവജാതശിശുക്കളെയാണ് പിടിയിലായ നഴ്സ് കൊല്ലാൻ ശ്രമിച്ചത്. മുലപ്പാലിൽ മോർഫിൻ കലർത്തിയായിരുന്നു കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിനായി സിറഞ്ചിൽ മുലപ്പാലിനൊപ്പം മോർഫിനും കലക്കി നൽകി. ഒരുദിവസം പ്രായമായ കുഞ്ഞ് മുതല്‍ ഒരുമാസം പ്രായമുള്ള കുഞ്ഞ് വരെ ഇതിലുണ്ടായിരുന്നു. എന്നാല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കും ഒരേസമയം ശ്വാസതടസം അനുഭവപ്പെടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നഴ്‌സുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടൻ നഴ്സുമാർ ചേർന്ന് അടിയന്തര ചികിത്സ നല്‍കിയതിനാല്‍ അഞ്ച് കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി.

കുഞ്ഞുങ്ങള്‍ക്ക് അണുബാധയേറ്റെന്നായിരുന്നു നഴ്സുമാർ ആദ്യം കരുതിയിരുന്നത്. എന്നാൽ സംശയം തോന്നിയ ഡോക്ടര്‍മാർ കുഞ്ഞുങ്ങളുടെ മൂത്രം പരിശോധിക്കുകയും മോർഫിന്റെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു. കുട്ടികൾ‌ രണ്ടുപേരുടെ മൂത്രത്തിൽ വേദനാസംഹാരിയുടെ അംശവും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ജനുവരി 17ന് സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സംശയം തോന്നിയ നഴ്സിനെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ ലോക്കറിൽനിന്ന് മോർഫിൻ കലർത്തിയ മുലപ്പാൽ നിറച്ച സിറിഞ്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം നഴ്സ് തള്ളുകയായിരുന്നു.