മധുര: തമിഴ്നാട്ടിലെ മധുരയില്‍ ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം കൊടുത്ത് കൊന്ന് കുഴിച്ചുമൂടി. രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞ് ആയതുകൊണ്ടായിരുന്നു കൊലപാതകം. എരിക്കിന്‍ പാല്‍ കൊടുത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.

ഉസ്ലാംപേട്ടയ്ക്ക് സമീപം പുല്ലനേരി ഗ്രാമത്തിലാണ് ദാരുണ സംഭവം. കനത്ത പനി വന്ന് മരിച്ചെന്ന് പറഞ്ഞാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുഞ്ഞിന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ മറവ് ചെയ്തത്. ബന്ധുക്കളെയോ നാട്ടുകാരെയോ വിവരം അറിയിക്കാതെ രാത്രി തന്നെ കുട്ടിയുടെ സംസ്കാരം നടത്തി. ഇതില്‍ സംശയം തോന്നി നാട്ടുകാരാണ് പിന്നീട് പൊലീസില്‍ വിവരം അറിയിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ അച്ഛന്‍ വൈര്യമുത്തുവും അമ്മ സൗമ്യയും മുത്തച്ഛനും ചേര്‍ന്ന് ആസൂത്രണം ചെയ്ത കൊലപാതകമെന്ന് വ്യക്തമായി.

Also Read: പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഗ്രാമങ്ങള്‍: ഇതിനെതിരെ പോരാടി ഡോക്ടര്‍

വീട്ടുമുറ്റത്ത് കുഴിച്ചിട്ട കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എരിക്കിന്‍ വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. വിവാഹചെലവ് ഉള്‍പ്പടെ ഭയന്ന് മുത്തച്ഛന്‍റെ നിര്‍ദേശമനുസരിച്ചാണ് എരിക്കിന്‍ വിഷം നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ മൊഴി നല്‍കി.
മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. തഞ്ചാവൂരില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയിരുന്നു

Also Read: പെണ്‍കുഞ്ഞ് ജനിച്ചത് ഇഷ്ടപ്പെട്ടില്ല; പിഞ്ചുകുഞ്ഞിനെ അടിച്ച്, കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തി