Asianet News MalayalamAsianet News Malayalam

ഒന്നരവയസുകാരനെ കൊന്ന ക്രൂരത; ശരണ്യയുടെ വസ്ത്രത്തിലെ 'ഉപ്പുവെള്ളം' അന്വേഷണത്തില്‍ 'ദൈവം കയ്യൊപ്പിട്ട തെളിവായി'

  • ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്
  • 'ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ
police identified killer mother of one and half year old child in kannur through forensic result
Author
Kannur, First Published Feb 19, 2020, 12:17 AM IST

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരനെ അമ്മയാണ് കൊന്നതെന്ന് തെളിഞ്ഞപ്പോള്‍ കേരളം ഞെട്ടുകയാണ്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ കൊടും ക്രൂരകൃത്യം ചെയ്തത്. കുഞ്ഞിന്‍റെ അച്ഛന്‍റെ നേര്‍ക്കാണ് ആദ്യം സംശയമുന നീണ്ടതെങ്കിലും പൊലീസ് സത്യം തെളിയിക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. 'ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു.

ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വെള്ളംകുടിച്ച ശരണ്യ, ഒടുവില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്‍റെ മൃതദേഹം കഴിഞ്ഞദിവസമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസ് ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി. ഒടുവില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന വ്യക്തമാവുകയായിരുന്നു. 

സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ധരിച്ച വസ്ത്രങ്ങള്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്‍റെ അംശമോ മണല്‍തരികളോ ഉണ്ടാകും. ഇക്കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് വസ്ത്രങ്ങള്‍ ശേഖരിച്ചത്. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൂര്‍ദ്ധാവിലേറ്റ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. കുട്ടിയെ കൊലപ്പെടുത്തിയശേഷം കടൽഭിത്തിയിൽ തള്ളിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്. പതിനൊന്ന് മണിയോടെ കരിങ്കൽ ഭിത്തികൾക്കിടയിൽ  കമഴ്ന്നു കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ അകലെയാണ് പ്രണവിന്‍റെ വീട്. ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി വീട് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് അമ്മയെ കുടുക്കാനുള്ള നിര്‍ണായക തെളിവ് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios