അഹമ്മദാബാദ്: ഇന്‍റര്‍നെറ്റ് സേവനങ്ങൾ മുടങ്ങിയത് ചോദ്യം ചെയ്തുണ്ടായ തർക്കത്തിനൊടുവിൽ ഗുജറാത്തിൽ ഇന്‍റെർനെറ്റ് കന്പനി ജീവനക്കാർ ഉപഭോക്താവിനെ തല്ലിക്കൊന്നു. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ മൊബൈൽ കട നടത്തുന്ന സത്നാം സിഗ് സലൂജയാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ ജനുവരിയിൽ കടയിലേക്ക് ഇന്‍റെർനെറ്റ് കണക്ഷൻ എടുത്തു. ഇന്‍റെർനെറ്റിന് വേഗം പോരെന്ന പരാതി തുടക്കം മുതൽ ഉണ്ടായിരുന്നു. നിരവധി തവണ ഫോണിൽ പരാതി പറഞ്ഞിട്ടും കാര്യമൊന്നുമുണ്ടായില്ല. കഴിഞ്ഞ മാസം മുതൽ ഇന്‍റെർനെറ്റ് പൂർണമായും കിട്ടാതായി.

ഒരുതവണ സേവനദാതാക്കളുടെ ഓഫീസിൽ പോയി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ലോക്ഡൗണിനിടെ പ്രശ്നം പരിഹരിക്കാനായി സത്നാം സിംഗിനെ തെരഞ്ഞ് മൂന്നംഗ സംഘം വീട്ടിലെത്തി. എന്നാൽ രൂക്ഷമായ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. മൂവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സത്നാംസിംഗിനെ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചു. മൂവരെയും റിമാൻഡ് ചെയ്തു.