മാവേലിക്കര: ആലപ്പുഴയിലെ മാവേലിക്കരയില്‍ പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. പള്ളിയിലെ കാണിക്ക ഇടുന്ന വഞ്ചികളാണ് മോഷണം പോയത്. ഇന്ന് രാവിലെ പള്ളിമുറ്റത്തെ ലൈറ്റ് ഓഫ് ചെയ്യാനെത്തിയ ആളാണ് മോഷണം നടന്നവിവരം ആദ്യമറിയുന്നത്. 

പള്ളിയുടെ വടക്കു വശത്തെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ലൈറ്റ് ഓഫ് ആക്കാനെത്തിയ ആള്‍ സംഭവം നാട്ടുകാരെ വിളിച്ചറിയിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വിശ്വാസികൾ നടത്തിയ  പരിശോധനയിലാണ് കാണിക്ക വഞ്ചികള്‍ മോഷണം പോയത് തിരിച്ചറിഞ്ഞത്. പള്ളിയ്ക്കുള്ളിൽ നിന്നും മോഷ്ടിച്ച രണ്ട് വഞ്ചികൾ പണം എടുത്ത ശേഷം സെമിത്തേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പള്ളിയ്ക്കുള്ളിൽ ഉറപ്പിച്ചിരുന്ന വഞ്ചിക്കുള്ളിൽ നിന്നും പണം അപഹരിച്ചിട്ടുണ്ട്. മദ്ബഹയുടെ സമീപത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വീഞ്ഞ് അപഹരിച്ച മോഷ്ടാക്കൾ വീഞ്ഞ് കുടിച്ച ശേഷം ശേഷം കുപ്പി സമീപച്ച് ഉപേക്ഷിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.