നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ശനിയാഴ്ച എടിഎം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പിടിയിലായി. എടിഎം സ്ഥിതി ചെയ്യുന്നതിന് സമീപമുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് പിടിയിലായത്.നോയിഡയിലെ നയാ ബാന്‍സില്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. 

ഹാമിര്‍പൂര്‍ സ്വദേശി ദിനേശ് കുമാര്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന എടിഎം കവര്‍ച്ചാശ്രമം എടിഎമ്മ് കൗണ്ടറിലെ അലാറം ശബ്ദിച്ചതിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്. കവര്‍ച്ചാശ്രമമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ദിനേശ് കുമാര്‍ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു.മോഷണശ്രമത്തെ പറ്റി പൊലീസ് ചോദിച്ചപ്പോള്‍ ഒന്നും കണ്ടില്ലെന്നു പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. 

പ്രതിയെ കുറിച്ച് സൂചന ലഭിക്കാതെ വന്നതോടെപൊലീസ് എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദിനേശ്കുമാര്‍ തന്നെയാണെന്ന് പ്രതിയെന്ന് വ്യക്തമായി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.