ബെം​ഗളൂരു: സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയെന്നാരോപിച്ച് കമിതാക്കൾ മർദ്ദിച്ചതായി ടാക്സി ഡ്രൈവറുടെ പരാതി. വെസ്റ്റ് ബെംഗളൂരുവിലെ സുൻകഡക്കട്ട സ്വദേശിയായ സുധീര്‍ കുമാറാണ് കമിതാക്കൾക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് നഗരത്തിലെ കബൻ പാര്‍ക്കിലായിരുന്നു സംഭവം.

പാര്‍ക്കിലെ മുളങ്കൂട്ടത്തിന് സമീപം മൂത്രമൊഴിക്കുന്ന സമയത്തായിരുന്നു യുവാവും യുവതിയും ചേർന്ന് തന്നെ മർദ്ദിച്ചതെന്ന് സുധീർ പരാതിയിൽ പറഞ്ഞു. ഇരുവരും പാർക്കിൽ ചെലവഴിക്കുന്ന ദൃശ്യങ്ങൾ‌ താൻ മൊബൈലിൽ പകർത്തിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇതിനിടെ യുവതി തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് നിലത്തെറിച്ച് പൊട്ടിച്ചു. ഫോൺ പൂർണ്ണമായി തകർന്നിട്ടുണ്ട്. എന്നാല്‍, താന്‍ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചിട്ടില്ലെന്നും മൂത്രമൊഴിക്കുകയായിരുന്നുവെന്നു പറഞ്ഞിട്ടും കമിതാക്കള്‍ പിന്മാറിയില്ലെന്നും സുധീർ കുമാർ കൂട്ടിച്ചേർത്തു. ഇരുവരുടെയും ആക്രമണത്തിൽ പരിക്കേറ്റ സുധീർ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.

അതേസമയം, സുധീറിന്റെ പരാതി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചെയ്തു. ലാവല്ല റോഡിന് സമീപമുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുധീർ എന്തിനാണ് കബൻ പാർക്കിലെത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇതിന് അയാൾക്ക് വ്യക്തമായ മറുപടി നൽകാനും സാധിച്ചിട്ടില്ല. സുധീർ മുളകാടുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടതായി സംഭവസ്ഥലത്തുള്ളവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.  ഏകദേശം 20 മിനിറ്റോളം സുധീറിനെ മുളങ്കൂട്ടത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.