ബെംഗളൂരു: ടെക്കിയായ യുവാവ് ആത്മഹത്യ ചെയ്തത് ഭാര്യയുടെ അതിരുകവിഞ്ഞ ആഡംബരഭ്രമവും പീഡനവും മൂലമെന്ന് പരാതി. ബെംഗളൂരുവിലെ സോഫ്റ്റ്‍വെയർ കമ്പനിയിൽ എൻജീനിയറായിരുന്ന ശ്രീനാഥിനെയാണ് താമസിക്കുന്ന അപ്പാർട്ട്മെന്റിലെ മുറിയിൽ വെളളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ശ്രീനാഥിന്റെ ഭാര്യ രേഖയുടെയും അച്ഛന്റെയും പേരിൽ പൊലീസ് കേസെടുത്തു. നഗരത്തിൽ ഒരു ഫ്ളാറ്റ് വിലക്കെടുക്കുന്നതിനായി ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്ന ശ്രീനാഥ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടയിലും ഭാര്യ ദൂര്‍ത്തും ആഢംബരവും തുടര്‍ന്നുവെന്നും 

ഫ്ളാറ്റ് തന്റെ അച്ഛന്റെ പേരിലേക്ക് മാറ്റണമെന്ന് രേഖ ശ്രീനാഥിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രേഖയുടെയും അച്ഛന്റെയും പേരിൽ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു. ശ്രീനാഥിന്‍റെ  ബന്ധുക്കുളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.