ന്യൂ ഡൽഹി : കശ്മീരിലെ ആക്ടിവിസ്റ്റും ജെഎൻയു ഗവേഷക വിദ്യാർത്ഥിനിയുമായ ഷെഹ്‌ലാ റാഷിദിന്റെ മുഖം ജോണി സിൻസ് എന്ന പ്രസിദ്ധ പോൺസ്‌റ്റാറിന്റെ ഒരു സിനിമയിലെ സ്റ്റിൽ ചിത്രത്തിലേക്ക് മോർഫ് ചെയ്തു കയറ്റിയ പ്രവൃത്തിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം കടുക്കുന്നു. 

കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ അന്ന് തൊട്ടേ സർക്കാരിനെ കണക്കറ്റു വിമർശിക്കുന്നതിൽ മുന്നിലുണ്ടായിരുന്നു ഷെഹ്ല. സാമൂഹ്യ മാധ്യമങ്ങളിൽ ബിജെപി വിരുദ്ധ പ്രത്യയ ശാസ്ത്രം മുന്നോട്ടു നിർത്തുന്ന ഷെഹ്ലയുടെ പ്രസ്താവനകൾക്കും ട്വീറ്റുകൾക്കും എതിരെ ഇന്റർനെറ്റിൽ ശക്തമായ പ്രവർത്തനങ്ങൾ നടന്നുവരുന്നുമുണ്ട്. 

അതിനിടയിലാണ് ജോണി സിൻസിന്റെ ഒരു ചിത്രത്തിലെ രംഗത്തിൽ ഷെഹ്ലയുടെ മുഖം മോർഫു ചെയ്തു കയറ്റിക്കൊണ്ടുള്ള ട്രോൾ പോസ്റ്റ്  പ്രത്യക്ഷപ്പെടുന്നത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് ജോണി സിൻസ്‌. രോഗിയായി കാണിച്ചിരിക്കുന്ന യുവതിയുടെ മുഖത്ത് ഷെഹ്ലയുടെ മുഖം ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചേർത്തിരിക്കുന്നു. കശ്മീരിൽ പെല്ലറ്റ് കൊണ്ട് പരിക്കുപറ്റിയ ഷെഹ്‌ലാ റാഷിദിനെ അമേരിക്കയിലെ പ്രസിദ്ധനായ നേത്ര രോഗ വിദഗ്ദ്ധനായ ജനാർദ്ദൻ സിൻഹ പരിശോധിക്കുന്നു എന്നതായിരുന്നു ഫോട്ടോയുടെ കാപ്‌ഷൻ. 

പോസ്റ്റ് വന്ന് അധികം താമസിയാതെ ഷെഹ്ല റാഷിദ് ഡൽഹി പൊലീസിന് പരാതി നൽകി. പിന്നാലെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്‌തെങ്കിലും, സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. 

ചിത്രം ഷെയർ ചെയ്ത വ്യക്തി ബിജെപിയുമായി അടുത്ത ബന്ധങ്ങളുളള ആളാണെന്നും, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ വരെ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ആളാണ് എന്നും ഷെഹ്ല ട്വീറ്റ് ചെയ്തു. 

 

 

ഷെഹ്ലയെ പിന്തുണച്ചു കൊണ്ട് നിരവധി പേർ ട്വീറ്റുചെയ്തു.