Asianet News MalayalamAsianet News Malayalam

കാറില്‍ 17,000 പാക്കറ്റ് ഹാൻസുമായി യുവാക്കള്‍ അറസ്റ്റില്‍; പിടികൂടിയത് 8 ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങള്‍

ആലപ്പുഴ ഭാഗത്ത് നിന്ന് ചേർത്തലയിലേക്ക് വന്ന സിഫ്റ്റ് ഡിസെയർ കാറിന്റെ പിൻസീറ്റ് ഇളക്കി മാറ്റി 11 ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. 

two youths arrested with banned tobacco products worth 8 lakh
Author
Alappuzha, First Published Feb 28, 2020, 8:53 PM IST


ചേർത്തല: ആലപ്പുഴയില്‍ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. കാറിൽ കടത്തി കൊണ്ടുവന്ന 17,000 പാക്കറ്റ് ഹാൻസുമായി രണ്ട് പേരെ അർത്തുങ്കൽ പൊലീസാണ് പിടി കൂടിയത്. ആലപ്പുഴ വാടക്കനാൽ പൊക്കത്തുവെളി ഷെബീർ (32), പാലക്കാട് പട്ടാമ്പി പാറപ്പുറത്ത് അബ്ദുൾ അസീസ് (30) എന്നിവരാണ് പൊലീസിന്‍റെ വലയിലായത്. അജ്ഞാത സന്ദേശത്തെ തുടർന്ന് ഇന്ന് രാവിലെ 10. 30 ഓടെ തീരദേശ പാതയിൽ അർത്തുങ്കൽ ഐ. ടി. സി കവലക്ക് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. 

ആലപ്പുഴ ഭാഗത്ത് നിന്ന് ചേർത്തലയിലേക്ക് വന്ന സിഫ്റ്റ് ഡിസെയർ കാറിന്റെ പിൻസീറ്റ് ഇളക്കി മാറ്റി 11 ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. പാലക്കാട്, തമിഴ്‌നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഹാൻസ് ഇവർ പാലക്കാട് നിന്ന് വാങ്ങി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വിൽപ്പന നടത്തിയിരുന്നതെന്നും എട്ട് ലക്ഷത്തോളം രൂപ ഇതിന് വിലവരുമെന്നും പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മാരാരി ബീച്ചിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്ന് പോലീസ് ഹാൻസ് കണ്ടെത്തിയിരുന്നു. 

ഇവരെ ചോദ്യം ചെയ്തതോടെ എസ്. എൻ കോളജിന് സമീപത്തുള്ള അഖിലാണ്  ഹാന്‍സ് നൽകിയതെന്ന വിവരം പൊലീസ് ലഭിച്ചത്. തുടർന്ന് ഇയാളെ പിടികൂടിയതോടെ 30 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. അഖിലിന് ഹാൻസ് എത്തിച്ച് നൽകുന്ന ഇസ്മയിലിനെ പിടികൂടി നടത്തിയ പരിശോധനയിൽ 900 പാക്കറ്റ് ഹാൻസും കണ്ടെടുത്തു. ഇയാളിൽ നിന്നാണ് മൊത്തകച്ചവടക്കാരായ ഷെബീറിനെയും അബ്ദുൾ അസീസിനെയും കുറിച്ച് വിവരം ലഭിച്ചതെന്ന് എസ്. ഐ ടോൾസൺ ജോസഫ് പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയിൽ എത്തിച്ച് റിമാന്‍ഡ് ചെയ്തു. 

Follow Us:
Download App:
  • android
  • ios