തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവ് വഞ്ചിയൂർ വിഷ്ണു വധക്കേസിലെ പ്രതി ആസാം അനി അറസ്റ്റിൽ. ആർഎസ്എസ് നേതാവായ ഇയാളെ പത്ത് വർഷമായി പൊലീസ് തിരയുകയായിരുന്നു. തിരുവനന്തപുരം മണികണ്ഠേശ്വരത്ത് നിന്നുമാണ് പൊലീസ് അനിയെ പിടികൂടിയത്. വഞ്ചിയൂര്‍ വിഷ്ണു വധക്കേസിലെ 14ാം പ്രതിയാണ് ആസാം അനി. കേസിലെ മറ്റ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചപ്പോഴും ഒരാളെ പിടികൂടാന്‍ കഴിയാത്തത് വലിയ വാര്‍ത്തയായിരുന്നു.

2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുൻപിലിട്ട് വിഷ്ണുവിനെ ഒരു സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ആർഎസ്എസ് നേതാക്കളെ ഉൾപ്പെടെ ആക്രമിച്ച പല കേസിലും വിഷ്ണു പ്രതിയായിരുന്നു. കേസില്‍ 16 പ്രതികളായിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടു. 11 പ്രതികൾക്കെതിരെ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 15–ാം പ്രതിക്ക് ജീവപര്യന്തം, 11–ാം പ്രതിക്ക് മൂന്ന് വർഷം കഠിന തടവിനും ശിക്ഷിച്ചു. ഒരാളെ കോടതി വെറുതെവിട്ടിരുന്നു.