Asianet News MalayalamAsianet News Malayalam

ബസിന് കൊടുക്കാന്‍ പൈസയില്ലാതെ ക്ലാസിന് പോയില്ല; കാത്തിരുന്നത് കൊലക്കത്തിയുമായി വന്ന 'കാമുകന്‍'

ബസിന് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് അഷിത തിങ്കളാഴ്ച ക്ലാസിനു പോകാത്തത് . മരണത്തിന് സാക്ഷികളാകേണ്ടി വന്ന  ആഘാതത്തിലാണ് അഷിതയുടെ വൃദ്ധ ദമ്പതികളായ ചെല്ലപ്പനും ബേബിയും. 

vellarada ashida murder case
Author
Vellarada, First Published Jan 7, 2020, 10:12 AM IST

തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കാരക്കോണം സ്വദേശിയായ  അനുവാണ് മരിച്ചത്. കാമുകിയായ അഷിതയെ വീട്ടില്‍കയറി കഴുത്തറത്ത് കൊന്നശേഷമായിരുന്നു അനു ആത്മഹത്യ ചെയ്‍തത്. തിങ്കളാഴ്ച രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്‍റെ വാതില്‍ അടച്ച ശേഷം അനുവിന്‍റെ കഴുത്തറക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ തള്ളി തുറന്നപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. രണ്ടുപേരെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അക്ഷിക മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചാണ് അനു മരിച്ചത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ബ്യൂട്ടീഷന്‍ വിദ്യാര്‍ഥിയായ അഷിതയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അഷിതയെ ശല്യം ചെയ്തിരുന്നതായി പരാതിയുണ്ട്. 

ബസിന് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് അഷിത തിങ്കളാഴ്ച ക്ലാസിനു പോകാത്തത് . മരണത്തിന് സാക്ഷികളാകേണ്ടി വന്ന  ആഘാതത്തിലാണ് അഷിതയുടെ വൃദ്ധ ദമ്പതികളായ ചെല്ലപ്പനും ബേബിയും. സംഭവത്തിന് തൊട്ടു മുൻപ് പോലും അഷിത തന്‍റെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നുവെന്ന് മുത്തശ്ശി ബേബി പറയുന്നു. 

പിന്നീട് വിശക്കുന്നുവെന്നു പറഞ്ഞ്  ഭക്ഷണം ഉണ്ടാക്കിത്തരാൻ കൊച്ചുമകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ബേബി അടുക്കളയിലേക്ക് പോയ സമയത്താണ് കയ്യിലൊളിപ്പിച്ച കത്തിയുമായി അനുവെത്തിയത്. ചെല്ലപ്പനെ പിടിച്ചുതള്ളിയശേഷം അനു അഷിതയുടെ മുറിയിലേക്ക് പാഞ്ഞുകയറി  കതകടച്ചു. 

 അഷിതയുടെ നിലവിളിയാണ് പിന്നീട് ഇരുവരും കേൾക്കുന്നത്.  നിമിഷങ്ങൾ പിന്നിട്ടപ്പോൾ അനുവിന്‍റെ ശബ്ദം നിലച്ചു. ഒന്നും ചെയ്യാനാകാതെ ചെല്ലപ്പനും ബേബിയും വീടിനു ചുറ്റും നിലവിളിച്ചുകൊണ്ട് ഓടുന്നതു കണ്ടാണ് അയൽക്കാരും നാട്ടുകാരും ഓടിയെത്തി കതകു പൊളിച്ച് ഉള്ളിൽ കടന്നത്.

ആറുമാസം മുമ്പ് അഷിതയുടെ ബന്ധുക്കള്‍ അനുവിനെതിരെ വെള്ളറട സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കമിതാക്കളായ ഇരുവരും അടുത്തിടെ തെറ്റിയതാണു സംഭവത്തിനു കാരണമെന്നു റൂറല്‍ എസ്.പി. അശോക് കുമാര്‍ പറഞ്ഞു.സൗഹൃദത്തിലായിരുന്നപ്പോൾ അഷിതയും അനുവും ടിക്ടോക്കുകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടെന്നും ഒപ്പം നിന്നുള്ള ചിത്രങ്ങളും സെൽഫികളും ഏറെ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അക്ഷിതയുടെ വീട്ടില്‍നിന്നു കൊലപാതകത്തിന് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തി.  മറ്റൊരു മകൾക്കൊപ്പം ഗുജറാത്തിലായിരുന്ന ചെല്ലപ്പനും ബേബിയും നാട്ടിലെത്തിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളു.

Follow Us:
Download App:
  • android
  • ios