Asianet News MalayalamAsianet News Malayalam

വ്യാജ രേഖകൾ വച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സഹായിച്ചു; മുൻ വിജിലൻസ് എസ് പിക്കെതിരെ വിജിലൻസ് കേസ്

മുൻ വിജിലൻസ് എസ് പി ജയകുമാറിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജ രേഖകൾ വച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സഹായിച്ചുവെന്ന് വിജിലൻസ്.

vigilance case against former vigilance SP
Author
Thiruvananthapuram, First Published Dec 13, 2019, 9:27 AM IST

തിരുവനന്തപുരം: അഴിമതി കേസുകള്‍ അട്ടിമറിച്ചതിന് മുൻ വിജിലൻസ് എസ്പിക്കെതിരെ വിജിലൻസ് കേസെടുത്തു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയായിരുന്ന ജയകുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തത്.

വ്യാജ രേഖകള്‍ ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതികളായ സർക്കാർ ഉദ്യോഗസ്ഥരെ എസ്പി ജയകുമാർ സഹായിച്ചുവെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതികള്‍ സ്വർണം വിറ്റ പണമാണ് കൈവശമുള്ള സമ്പാദ്യമെന്ന് കാണിച്ച് രേഖകള്‍ വിജിലൻസ് എസ്പിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. വ്യാജമായ ഈ രേഖകള്‍ കണക്കിലെടുത്ത് ഉദ്യോഗസ്ഥർക്കെതിരായ കേസുകള്‍ ജയകുമാർ എഴുതിതള്ളിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. 

ജയകുമാർ കള്ളക്കേസിൽ കുരുക്കാൻ ശ്രമിച്ചുവെന്നും കൈക്കൂലി ചോദിച്ചുവെന്നും കാണിച്ച് വാണിജ്യ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥാനാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് നിരവധി ഉദ്യോഗസ്ഥർക്കെതിരായ സ്വത്തുസമ്പാദന കേസുകള്‍ എസ്പി അട്ടിമറിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിൽ കൈക്കൂലിയുണ്ടെന്നും പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ജയകുമാർ അന്വേഷിച്ച സ്വത്തുസമ്പാദന കേസുകള്‍ വിജിലൻസ് പരിശോധിച്ചത്. സ്വത്ത് സമ്പാദന കേസിലെ പ്രതിയായ നഗരസഭയിലെ ഒരു എഞ്ചിനിയറെ എസ്പി വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 

പ്രതികളുടെ സമ്പാദ്യം തെളിയിക്കുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല, മാത്രമല്ല സർക്കാരിലേക്ക് നൽകിയിരുന്ന സ്വത്തുവിവരങ്ങളിൽ ഈ രേഖകള്‍ കാണിച്ചിട്ടുമില്ലെന്നും തെളിഞ്ഞു. ബിജെപിക്കെതിരായ മെഡിക്കൽ കോഴ, ഇപി ജയരാജനെതിരായ ബന്ധുനിയമനം, മുക്കിന്നമല ഖനനം തുടങ്ങിയ പ്രമാദമായ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ജയകുമാർ. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് എസ്പി കെ ഇ ബൈജുവാണ് കേസന്വേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios